Tuesday, 22 March 2016

ചിരാതിന്റെ വെളിച്ചത്തിലെ തിരിച്ചറിവുകള്‍



ചിരാതിന്റെ വെളിച്ചത്തില്‍ പെറുക്കിയെടുത്ത അക്ഷരങ്ങള്‍ക്ക് നിറമില്ലായിരുന്നു. എന്നും അങ്ങനെയായിരുന്നു. നിറമില്ലാത്ത കുറെ അക്ഷരങ്ങള്‍. നിറം ചേര്‍ക്കാന്‍ കൊതിച്ചപ്പോഴും അകം പൊള്ളയായി മാറിപോയവ. കാഴ്ചയില്‍ ഹൃദ്യമെന്ന് തോന്നിപ്പിക്കുമെങ്കിലും ആഴത്തില്‍ വീണുഞെരങ്ങുന്ന പാഴ് വസ്തുവാണ് അതെന്ന് തിരിച്ചറിയാന്‍ കഴിയാതെ പോകുന്നവ.

ഹൃദയത്തിന്റെ സ്പന്ദനം തിരിച്ചറിയാതെ പോയപ്പോള്‍ കാത്തുനിന്നിട്ടുണ്ട് പലപ്പോഴും. മറുപടി പറയാന്‍ കഴിയാതെ വന്നപ്പോള്‍ വിതുമ്പിയിട്ടുണ്ട്. ആരും കാണാതെ പോയ ആ കണ്ണീര്‍ കൊടുങ്കാറ്റായി മാറ്റാനുള്ള മാജിക്കൊന്നും കൈവശമില്ലായിരുന്നു. നിഷ്‌കളങ്കമല്ലെങ്കിലും കാപട്യം നിറയ്ക്കാതെ ചിരിക്കുമായിരുന്നു. ആ ചിരിയില്‍ എല്ലാവരോടുമുള്ള സ്‌നേഹവും നിറയ്ക്കാറുണ്ട്.

തിരിച്ചറിവിന്റെ നിമിഷങ്ങളില്‍ നല്ല നാളേക്കായുള്ള കാത്തിരിപ്പുണ്ടാകാറില്ല. കാരണം അതാണല്ലോ തിരിച്ചറിവ്


Tuesday, 19 August 2014

തിരിച്ചറിവുകൾ ...


കുറ്റം കുറ്റമായി തന്നെ നിൽക്കട്ടെ...തിരുത്താൻ നിൽക്കുന്നില്ല...മടുപ്പിന്റെയും വെറുപ്പിന്റെയും കരിമ്പടം പുതച്ചു കിടന്നുറങ്ങുകയാണ്... ആരോടും പരിഭവമില്ലാതെ.. അല്ലെങ്കിൽ തന്നെ ആരോടാണ് പരിഭവിക്കേണ്ടത്.. കുറ്റം മുഴുവൻ തന്റേത് തന്നെ...തിരിച്ചറിയുന്നു...

മറവി ബാധിക്കാത്ത, എല്ലാം വേർതിരിച്ചറിയാൻ കഴിയുന്ന മറ്റൊരു ലോകം തേടാൻ കൊതിയാകുന്നു..കുറ്റവും ശിക്ഷയുമില്ല.. പഴിയും പരിഭവുമില്ല...സ്നേഹവും നന്മയും മാത്രമുള്ള ഒരു ലോകം...ഓരോ മനസ്സിലും പിഞ്ചു കുഞ്ഞിൻ്റെ നിഷ്കളങ്കത മാത്രം.. അങ്ങനെയൊരു ലോകത്തിൽ ഒരു കുഞ്ഞുപൂവായി മാറാൻ കഴിഞ്ഞെങ്കിൽ...അല്ലെങ്കിൽ ഒരു ചിത്രശലഭമായി മാറിയിരുന്നെങ്കിൽ.. ഈ കൊച്ചു ഭൂമിയിലെ ചെറിയ ജീവിതം എന്തിനിങ്ങനെ ആർക്കോ വേണ്ടി തള്ളിനീക്കണം..വേണ്ട,വയ്യ..ഇനിയില്ല..ജീവിതം വെറുതെയങ്ങനെ ജീവിച്ചു തീർക്കേണ്ടതല്ല...

Wednesday, 6 August 2014

ഇനി തിരമാലകൾ പറയട്ടെ ...

എഴുതി തുടങ്ങാൻ ആഗ്രഹിച്ചു..പക്ഷെ കഴിഞ്ഞില്ല ... ഒടുവിൽ ഇറങ്ങി തിരിച്ചു...യാത്ര പറയാൻ ഇഷ്ടമില്ലാത്ത മനസുള്ളത് കൊണ്ട് മാത്രം.. ഇനിയും ഏറെ ദൂരെ പോവാൻ ആഗ്രഹിക്കുന്നു.. നിറയെ സ്വപ്‌നങ്ങൾ മാത്രമുള്ള ഒരു സ്ഥലത്തേക്ക്.. പറക്കാൻ കഴിയുന്ന, ആരും ശല്യം ചെയ്യാനില്ലാത്ത..എന്നും ഹോളി ആഘോഷിക്കുന്ന  സുന്ദരമായ ലോകത്തേക്ക്.. 


ഒരിക്കൽ എവിടെയോ വെച്ചു മറന്നു പോയ സ്വപ്നം കാണാനുള്ള  മനസ്സിനെ വീണ്ടും പൊടിതട്ടി ഉണർത്തിഎടുത്തു .. 
എന്തിനായിരുന്നു ആ നല്ല നിമിഷങ്ങളെ വേണ്ടെന്നു വെച്ചു ഉൾവലിഞ്ഞു പോയത്..വീണ്ടും ഒരു തിരിച്ചു വരവിനു വേണ്ടിയായിരുന്നോ ? എങ്കിൽ തെറ്റി .. ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റാണു അതെന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു...
ഒടുവിൽ ഭൂമിക്കു ഭാരമായി നിൽക്കേണ്ടി വന്നപ്പോൾ  ചുറ്റും കടൽ ഇരമ്പം മാത്രം കേൾക്കാമായിരുന്നു ...

ഒടുവിൽ ആരോടെന്നില്ലാതെ ഉറക്കെ പറഞ്ഞു .. ''എനിക്ക് വേണ്ടി ഈ ലോകം കതോർക്കണം ..'' പക്ഷെ  മടങ്ങി വരാമെന്ന് പറയാൻ മറന്നു.. ഒരു തേങ്ങൽ മാത്രം ഈ ലോകം  കേട്ടു.. പിന്നെ കടൽ ഇരമ്പം മാത്രമായിരുന്നു കേട്ടത്...


Thursday, 10 October 2013

വാക്കുകള്‍ കൂട്ടി വെക്കാനുണ്ട് ഇനിയും ഒരുപാട്‌ ....

കാത്തിരിക്കുന്നു ....


Tuesday, 2 October 2012

മുടിയാട്ടം



നീളന്‍ മുടിയുള്ള സ്ത്രീകള്‍ അത്ര അദ്ഭുതമല്ല. എന്നാല്‍ ഒരു ഗ്രാമത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും നിലത്തിഴയുന്ന മുടിയെന്ന് കേട്ടാലോ..വെറും കെട്ടുകഥയല്ല. ചൈനയിലെ ഒരു ഗ്രാമത്തിലാണ് സ്ത്രീകള്‍ക്ക് മുഴുവന്‍ നീളം കൂടിയ മുടിയുള്ളത്.
സ്ത്രീകള്‍ക്ക് മുടി സൗന്ദര്യത്തിന്റെ ഭാഗമായി കാണുന്നവരാണ് മിക്കവരും. ഇന്ന് ഫാഷനുകളുടെ ലോകത്ത് സഞ്ചരിക്കുമ്പോഴും മുടിയുടെ കാര്യത്തില്‍ മിക്കവരും വിട്ടുവീഴ്ച്ചക്കില്ല. എങ്കിലും നീളം കൂടിയ മുടി എല്ലാവര്‍ക്കും ലഭിക്കണമെന്നില്ല. എന്നാല്‍ ചൈനയിലെ ഒരു ഗ്രാമത്തിലെ എല്ലാ സ്ത്രീകള്‍ക്കും ഒരു പോലെ നീളന്‍ മുടിയെന്ന് കേട്ടാല്‍ ആരുമൊന്ന് അതിശയിക്കും. ചൈനയിലെ ഹുവാന്‍ഗുലുവോ ഗ്രാമത്തിലെ റെഡ് യാവോ എന്ന വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്കാണ് ഈ അനുഗ്രഹം ലഭിച്ചിട്ടുള്ളത്. ലോകത്തിലെ നീളന്‍ മുടിയുള്ളവര്‍ താമസിക്കുന്ന സ്ഥലം എന്ന ഖ്യാതിയോടെ ഗിന്നസ് ബുക്കിലും ഇടം നേടി കഴിഞ്ഞു. ഗ്രാമത്തില്‍ 120 സ്ത്രീകളാണുള്ളത്. ഇവരുടെ മുടിയുടെ നീളം 1.7 മീറ്റര്‍ ആണ്. 2.1 മീറ്റര്‍ നീളമുള്ള മുടിയാണ് എറ്റവും നീളം കൂടിയത്. റെഡ് യാവോ സ്ത്രീകള്‍ക്കിടയില്‍ മുടിക്ക് വലിയ പ്രാധാന്യം തന്നെയാണുള്ളത്. കുറച്ച് കാലം മുമ്പ് വരെ ഇവരുടെ അഴിച്ചിട്ട മുടി അവരുടെ ഭര്‍ത്താക്കന്മാര്‍ക്കും മക്കള്‍ക്കുമല്ലാതെ മറ്റാര്‍ക്കും  കാണാന്‍ പാടില്ലായിരുന്നു. ഇനി അഥവാ ആരെങ്കിലും കണ്ടാല്‍ അവരെ പിടിച്ച് ആ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മൂന്ന് വര്‍ഷത്തേക്ക് മരുമകനാക്കും. ഇവരുടെ മുടിയില്‍ നിന്ന് തന്നെ സമൂഹത്തില്‍ ഇവരുടെ സ്ഥാനത്തെ കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കും. മുടി കെട്ടിവെച്ചിട്ടുണ്ടെങ്കില്‍ ആ സ്ത്രീ വിവാഹിതയാണ്, എന്നാല്‍ അമ്മയല്ല.


മുടി ബണ്‍ ഉപയോഗിച്ച് കെട്ടിവെച്ചിട്ടുണ്ടെങ്കില്‍ അവര്‍ വിവാഹിതയും അമ്മയുമാണെന്ന് മനസ്സിലാക്കാം. മുടിയില്‍ സ്‌കാര്‍ഫ് കെട്ടിയിട്ടുണ്ടെങ്കില്‍ വിവാഹിതയാണെന്നും തിരിച്ചറിയാം. ജീവിതത്തില്‍ ഒറ്റതവണ മാത്രമാണ് ഈ സ്ത്രീകള്‍ക്ക് മുടിമുറിക്കാനുള്ള അനുവാദമുള്ളത്. പതിനാറാമത്തെ വയസ്സില്‍. മുറിച്ച മുടി ആ പെണ്‍കുട്ടിയുടെ മുത്തശ്ശിക്ക് കൈമാറും. സൂക്ഷിച്ചുവെക്കുന്ന മുടി കല്യാണത്തിന് വരന് കൈമാറും. ഇത്രയും രസകരമായ ആചാരത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം റെഡ് യാവോക്കാര്‍ മുടിക്ക് എത്ര പ്രാധാന്യം നല്‍കുന്നുണ്ടെന്ന്.