Thursday 15 March 2012

സ്നേഹിക്കാന്‍ മറന്ന ലോകത്തിനായ് ...

 ഒരു ഇല പൂവിനോട് യാത്ര പറഞ്ഞു പോയി. എങ്ങോട്ടെന്നില്ലാതെ താളം തെറ്റിയ മനസ്സ് പോലെ ആ ഇല കാറ്റില്‍ പറന്നു ഭൂമിയോട് ചേരുന്നത് പൂവ് നിശബ്ദമായി നോക്കി നിന്നു. ആ ബന്ധം എന്നെന്നേക്കുമായി അവസാനിച്ചതായി ആ പൂവ് തിരിച്ചറിയുകയായിരുന്നു. തന്‍റെ കൌമാരത്തില്‍  തന്നെ വാര്‍ധക്യത്തിന്‍റെ  ജരാനരകള്‍ ബാധിച്ചു തുടങ്ങിയ ആ ഇലയെ അവള്‍ അത്രമേല്‍ സ്നേഹിച്ചിരുന്നു. 
വാത്സല്യം തുളുമ്പുന്ന വാക്കുകള്‍ അവള്‍ക്കു നല്‍കിയത് ആ ഇല മാത്രമായിരുന്നു. 
അവളില്‍ ആകൃഷ്ടരായി പലരും അവള്‍ക്കു ചുറ്റും മൂളി നടന്നപ്പോ അവന്‍ ഒരു അച്ഛന്റെ സ്ഥാനം ഏറ്റെടുത്തു സംരക്ഷകനായി. വെയിലിന്‍റെ കാഠിന്യം കൊണ്ടു അവള്‍  ശിരസ്സ്‌ കുനിച്ചപ്പോള്‍ അവളുടെ തലയ്ക്കു മുകളില്‍ കുട പോലെ തണലേകി ഒരു അമ്മയുടെ സ്വാന്തനമെകി . മഴത്തുള്ളികള്‍ അവളുടെ നഗ്ന മേനിയെ പുളകം കൊള്ളിച്ചപ്പോള്‍ ഒരു കാമുകന്‍റെ സ്നേഹം മുഴുവന്‍ പകര്‍ന്നു നല്‍കി അവളെ ആശ്ലേഷിച്ചു ആ ഇല. 
ആ ഓര്‍മകളെ എല്ലാം  നെഞ്ചോടടുക്കി പിടിച്ചു അവള്‍ ജീവിതാവസാനം വരെ  ഭൂമിയിലേക്ക് തന്നെ കണ്ണും നട്ടിരുന്നു.  

നിമിഷങ്ങളും വര്‍ഷങ്ങളും കടന്നു പോയപ്പോള്‍ ആ ഇലയും പൂവും വീണ്ടും ഒന്ന് ചേര്‍ന്നു... പക്ഷെ കാലത്തിന്‍റെ തീക്ഷ്ണതയില്‍ അവരുടെ സ്നേഹത്തിനു കളങ്കം തട്ടിയിരുന്നു. സ്നേഹിക്കാന്‍ മറന്നു തുടങ്ങിയ പുതിയ കാലത്ത് ഇലകളും പൂക്കളും നിത്യവസന്തമേകി പൂത്തുലഞ്ഞു നില്‍ക്കട്ടെ എന്ന് സ്വപ്നം കാണാം ...