Saturday, 9 June 2012

മൂക്കുത്തി



ഏറെ നാളത്തെ ആഗ്രഹമായിരുന്നു മൂക്ക് കുത്തുക എന്നത് . ഡിഗ്രിക്ക്   അമൃതയില്‍  പഠിക്കുമ്പോള്‍ തുടങ്ങിയ  ആഗ്രഹമാണ്. എന്ത് കാര്യം ചെയ്യുമ്പോഴും അമ്മയോട് ആദ്യം സമ്മതം ചോദിക്കുന്നത്  ശീലമായത് കൊണ്ട്‌ ഇക്കാര്യവും അമ്മയെ അറിയിച്ചു .. നോ രക്ഷ..  സമ്മതിക്കില്ല   എന്ന മറുപടിയാണ്‌ എന്‍റെ മാതാശ്രീ തന്നത്. പക്ഷെ ഒരു കാര്യം ചെയ്യണം എന്ന് തോന്നിയാല്‍ അത് സാധിപിച്ചു എടുക്കുന്നത് വരെ ഒരു സമാധാനവും ഉണ്ടാവില്ല .കാര്യം നേടിയെടുക്കേണ്ടത് എന്‍റെ ആവശ്യമാണല്ലോ. അങ്ങനെ ഒരു വട്ടം റിപ്പോര്‍ട്ടിന്‍ഗിനായി   കോയമ്പത്തൂര്‍ക്ക്  പോയി. അപ്പോഴാണ്   പെട്ടെന്ന്    മനസ്സില്‍ മൂക്കുത്തിയെ  കുറിച്ച് ഓര്‍ത്തത്‌. ഉടന്‍ 
മൊബൈല്‍ എടുത്തു അമ്മയെ വിളിച്ചു. കോള്‍  എടുത്തത്‌ ചേച്ചി.. അവളോട്‌ ആദ്യം കാര്യം പറഞ്ഞു. വീട്ടിലെ   എന്‍റെ  ഏറ്റവും  വല്യ പാരയാര എന്ന്   ചോദിച്ചാല്‍ ഞാന്‍ പറയും എന്‍റെ ചേച്ചി എന്ന്.. ഞാന്‍ കാര്യം അവതരിപ്പിച്ചയുടനെ അവള്‍ അമ്മയെ വിളിച്ചു .. ''അമ്മേ  അവള് മൂക്ക് കുത്താന്‍ പോവാത്രേ.. '' അമ്മ റിസീവര്‍  വാങ്ങി എന്നോട് കാര്യം തിരക്കി.. ഞാന്‍ അമ്മയോട് കെഞ്ചി. എന്നിട്ട് , നന്നായില്ലെങ്കില്‍ മാറ്റാമല്ലോ  എന്നൊരു ഡയലോഗും കാച്ചി .. എന്‍റെ അമ്മയെ വീഴ്ത്താന്‍ ഇത്രയും മതി. അമ്മ മനസില്ല മനസ്സോടെയാണെങ്കിലും  'ഓക്കേ' പറഞ്ഞു.. ഞാന്‍ ഹാപ്പി.. പിന്നെ മൂക്ക് തുളക്കാനുള്ള    സ്ഥലവും തപ്പിയുള്ള നടപ്പായി.. ഒരു സ്ഥലത്ത് പോയി  ചോദിച്ചപ്പോള്‍   300 രൂപയാകും എന്ന് പറഞ്ഞു. പിന്നെ അവിടെ നിന്നില്ല.. തല്‍ക്കാലത്തേക്ക് മനസിലെ മൂക്കുത്തി മോഹന്‍ കെട്ടിപൂട്ടി വെച്ചു .. അങ്ങനെ അമൃതയില്‍ നിന്നിറങ്ങുന്നത് വരെ   മൂക്കുത്തി  മോഹം   മനസ്സില്‍ തന്നെ കിടന്നു മിന്നിതിളങ്ങി. അങ്ങനെ കോളേജ് പഠനമൊക്കെ കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് ഒരു ദിവസം ഞാനും ചേച്ചിയും കൂടി  ഞങ്ങളുടെ   നാട്ടില്‍ പുതിയതായി തുടങ്ങിയ ബ്യൂട്ടി പാര്‍ലറില്‍ പോയത് . അങ്ങനെ അവിടെ വെച്ച് മൂക്ക് കുത്തി.  എന്‍റെ ആഗ്രഹം സഫലമായി . മൂക്ക് കുത്തുന്നതിന്    പിന്നില്‍ ചില വിശ്വാസങ്ങള്‍ ഉണ്ടെന്നു ഞാന്‍  കേട്ടിട്ടുണ്ട്  .  മൂക്കിന്‍റെ  വലത് ഭാഗം  കുത്തുന്നത് ആയുസ്സ്  കൂട്ടുമെന്നും  ഇടത് ഭാഗം കുത്തുന്നത്  സൗന്ദര്യം    കൂട്ടുമെന്നും.
എന്തായാലും ഇത് രണ്ടും വിശ്വസിച്ചല്ല ഞാന്‍ എന്‍റെ ''ഇടത്തെ'' മൂക്ക്  കുത്തിയത് :)...