Tuesday 2 October 2012

മുടിയാട്ടം



നീളന്‍ മുടിയുള്ള സ്ത്രീകള്‍ അത്ര അദ്ഭുതമല്ല. എന്നാല്‍ ഒരു ഗ്രാമത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും നിലത്തിഴയുന്ന മുടിയെന്ന് കേട്ടാലോ..വെറും കെട്ടുകഥയല്ല. ചൈനയിലെ ഒരു ഗ്രാമത്തിലാണ് സ്ത്രീകള്‍ക്ക് മുഴുവന്‍ നീളം കൂടിയ മുടിയുള്ളത്.
സ്ത്രീകള്‍ക്ക് മുടി സൗന്ദര്യത്തിന്റെ ഭാഗമായി കാണുന്നവരാണ് മിക്കവരും. ഇന്ന് ഫാഷനുകളുടെ ലോകത്ത് സഞ്ചരിക്കുമ്പോഴും മുടിയുടെ കാര്യത്തില്‍ മിക്കവരും വിട്ടുവീഴ്ച്ചക്കില്ല. എങ്കിലും നീളം കൂടിയ മുടി എല്ലാവര്‍ക്കും ലഭിക്കണമെന്നില്ല. എന്നാല്‍ ചൈനയിലെ ഒരു ഗ്രാമത്തിലെ എല്ലാ സ്ത്രീകള്‍ക്കും ഒരു പോലെ നീളന്‍ മുടിയെന്ന് കേട്ടാല്‍ ആരുമൊന്ന് അതിശയിക്കും. ചൈനയിലെ ഹുവാന്‍ഗുലുവോ ഗ്രാമത്തിലെ റെഡ് യാവോ എന്ന വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്കാണ് ഈ അനുഗ്രഹം ലഭിച്ചിട്ടുള്ളത്. ലോകത്തിലെ നീളന്‍ മുടിയുള്ളവര്‍ താമസിക്കുന്ന സ്ഥലം എന്ന ഖ്യാതിയോടെ ഗിന്നസ് ബുക്കിലും ഇടം നേടി കഴിഞ്ഞു. ഗ്രാമത്തില്‍ 120 സ്ത്രീകളാണുള്ളത്. ഇവരുടെ മുടിയുടെ നീളം 1.7 മീറ്റര്‍ ആണ്. 2.1 മീറ്റര്‍ നീളമുള്ള മുടിയാണ് എറ്റവും നീളം കൂടിയത്. റെഡ് യാവോ സ്ത്രീകള്‍ക്കിടയില്‍ മുടിക്ക് വലിയ പ്രാധാന്യം തന്നെയാണുള്ളത്. കുറച്ച് കാലം മുമ്പ് വരെ ഇവരുടെ അഴിച്ചിട്ട മുടി അവരുടെ ഭര്‍ത്താക്കന്മാര്‍ക്കും മക്കള്‍ക്കുമല്ലാതെ മറ്റാര്‍ക്കും  കാണാന്‍ പാടില്ലായിരുന്നു. ഇനി അഥവാ ആരെങ്കിലും കണ്ടാല്‍ അവരെ പിടിച്ച് ആ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മൂന്ന് വര്‍ഷത്തേക്ക് മരുമകനാക്കും. ഇവരുടെ മുടിയില്‍ നിന്ന് തന്നെ സമൂഹത്തില്‍ ഇവരുടെ സ്ഥാനത്തെ കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കും. മുടി കെട്ടിവെച്ചിട്ടുണ്ടെങ്കില്‍ ആ സ്ത്രീ വിവാഹിതയാണ്, എന്നാല്‍ അമ്മയല്ല.


മുടി ബണ്‍ ഉപയോഗിച്ച് കെട്ടിവെച്ചിട്ടുണ്ടെങ്കില്‍ അവര്‍ വിവാഹിതയും അമ്മയുമാണെന്ന് മനസ്സിലാക്കാം. മുടിയില്‍ സ്‌കാര്‍ഫ് കെട്ടിയിട്ടുണ്ടെങ്കില്‍ വിവാഹിതയാണെന്നും തിരിച്ചറിയാം. ജീവിതത്തില്‍ ഒറ്റതവണ മാത്രമാണ് ഈ സ്ത്രീകള്‍ക്ക് മുടിമുറിക്കാനുള്ള അനുവാദമുള്ളത്. പതിനാറാമത്തെ വയസ്സില്‍. മുറിച്ച മുടി ആ പെണ്‍കുട്ടിയുടെ മുത്തശ്ശിക്ക് കൈമാറും. സൂക്ഷിച്ചുവെക്കുന്ന മുടി കല്യാണത്തിന് വരന് കൈമാറും. ഇത്രയും രസകരമായ ആചാരത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം റെഡ് യാവോക്കാര്‍ മുടിക്ക് എത്ര പ്രാധാന്യം നല്‍കുന്നുണ്ടെന്ന്.










1 comment:

  1. ഹഹഹാ..
    കേട്ടിട്ട് രസം തോന്നുന്നു.
    എന്തൊരു നീളാ മുടിക്ക്. അല്ലെ!

    ReplyDelete