Tuesday, 7 February 2012

ഞാന്‍ ഞാനല്ലാതാവുമ്പോള്‍


എനിക്ക് ഞാന്‍ ആവാനേ കഴിയു എന്ന് നാഴികയ്ക്ക് നാല്‍പ്പതു വട്ടം പറയുമ്പോഴും ഞാന്‍ മാറുകയാണ്. ആര്‍ക്കോ വേണ്ടി. ഇത് ഞാന്‍ ആഗ്രഹിക്കുന്നതല്ല. എന്തിനാണ് ഞാന്‍ മാറുന്നത്? അറിയില്ല. എന്‍റെ ജീവിതം  എങ്ങനെയാവണമെന്ന്  ഞാനാണ്‌ തീരുമാനിക്കേണ്ടത് എന്ന് പലരുമായി തര്‍ക്കിക്കുമ്പോഴും ഒരു  നൂല്‍പാലം പോലെ എന്‍റെ മനസ്സ് ആടിക്കളിക്കുകയാണ്. 
എനിക്ക് എന്നോട് തന്നെ ഒരു പുച്ഛം തോന്നി പോവുന്നു. ഞാന്‍ ഞാനല്ലാതാവുമ്പോള്‍  അത് ഒരു ചതിയല്ലേ ??? എന്‍റെ മനസ്സാക്ഷിയെ ഞാന്‍ വഞ്ചിക്കുകയല്ലേ ? പക്ഷെ ആര്‍ക്കു വേണ്ടി? എന്തിനു വേണ്ടി? 
അടുക്കുന്നവര്‍ക്ക് മുന്നില്‍ എന്‍റെ ജീവിതം മൂടി വെക്കാറില്ല. എനിക്കതിനു കഴിയില്ല. അത് കൊണ്ടു തന്നെ ഞാന്‍ എന്താണെന്നു എന്നെ  അടുത്തറിയുന്നവര്‍ക്ക്   മാത്രമല്ല, അത്ര  അടുപ്പമില്ലാത്തവര്‍ക്ക് കൂടി അറിയാം. പക്ഷെ ഏറ്റവും അടുത്ത സുഹൃത്തിനു പോലും പലപ്പോഴും എന്നെ മനസ്സിലാക്കാന്‍  പറ്റിയിട്ടില്ല എന്നത് ഞാന്‍ വേദനയോടെ പലപ്പോഴും തിരിച്ചറിഞ്ഞിട്ടുണ്ട് . അവിടെയാണ് എന്‍റെ പരാജയം ഞാന്‍ കാണുന്നത്. 
എനിക്ക് ഞാന്‍ തന്നെയാവണം. മുന്നില്‍ വരുന്ന പ്രതിബന്ധങ്ങളെ തരണം ചെയ്യാന്‍ എനിക്ക് കഴിയും . വാക്ക് തന്നും മറ്റും എനിക്ക് ആശ്വാസ  വചനങ്ങള്‍  തന്നവരില്‍ എത്ര പേര്‍  ആത്മാര്‍ത്ഥതയുള്ളവര്‍ ആണെന്ന്  അറിയില്ല. പക്ഷെ ഇനി ഒരു കാര്യം തീര്‍ച്ച. എന്‍റെ ജീവിതം ഒരു തുറന്ന പുസ്തകമാക്കി  പ്രദര്‍ശിപ്പിക്കാന്‍ എനിക്ക് സൗകര്യമില്ല  ...

Monday, 6 February 2012

ശമ്പളം

രണ്ടാമത്തെ ശമ്പളം കിട്ടി. ഓഫീസില്‍ നിന്നും ഞാനും എന്‍റെ കൂടെ വര്‍ക്ക്‌ ചെയ്യുന്ന ശ്രുതിയും ഇറങ്ങി ഷോപ്പിങ്ങിനു. ആദ്യം കിട്ടിയ ശമ്പളം നേരെ  അമ്മടെ  കയ്യില്‍ കൊടുത്തിരുന്നു . രണ്ടാമത്തെ  ശമ്പളം  അച്ഛന്‍റെ കയ്യില്‍ കൊടുക്കണം എന്നായിരുന്നു ആഗ്രഹം. എങ്കിലും ചേച്ചിക്കും കിച്ചുനും ഡ്രസ്സ്‌ വാങ്ങി കൊടുക്കാന്‍ ആദ്യമേ  തീരുമാനിച്ചതാണ്. അത് കൊണ്ടു തന്നെ ഞങ്ങള്‍ ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങി നടന്നു. ആദ്യം ചെരുപ്പ് കടയില്‍ കയറി രണ്ടു പേരും ചെരുപ്പ് വാങ്ങി. അത് കഴിഞ്ഞു ഓട്ടോ പിടിച്ചു നേരെ വിട്ടു 'പുളിമൂട്ടില്‍ സില്‍ക്സിലെക്ക്‌. ......'.
ഡ്രസ്സ്‌ വാങ്ങി കഴിഞ്ഞപ്പോളും ആശ്വാസം. ഒരുപാടൊന്നും കയ്യില്‍ന്നു പോയില്ല.. താമസിക്കുന്ന വീട്ടില്‍ എത്തി , നേരെ ഹൌസ് ഓണേര്‍ക്ക് വാടക കൊടുത്തു. മൂവായിരത്തി മുന്നൂറു രൂപയാണ് ഭക്ഷണവും താമസവും വാടക ആദ്യം പറഞ്ഞിരുന്നത്.ഇപ്പൊ വാടക കൊടുത്തപ്പോ അവര്‍ പറഞ്ഞു മൂവായിരത്തി അഞ്ഞൂറ് വേണം എന്ന്. ഞാന്‍ അന്തം വിട്ടു നിന്ന് പോയി. ''അതെങ്ങനെ ശരിയാകും?" ഞാന്‍ ചോദിച്ചു . മുന്‍കൂട്ടി പറഞ്ഞിട്ടില്ല. അത് പോരഞ്ഞു അവര്‍ക്ക് കരണ്ട് ബില്‍ വേറെ കൊടുക്കണംത്രേ.. ഈ വ്യവസ്തയൊന്നും ഞാന്‍ താമസിക്കാന്‍ വന്നപ്പോള്‍ പറഞ്ഞു കേട്ടില്ല..എന്‍റെ ഭാഗം വ്യക്തമാക്കി  എങ്കിലും ഞാന്‍ അധികം തര്‍ക്കിക്കാന്‍ നിന്നില്ല. അവര്‍ പറഞ്ഞ വാടക കൊടുത്തു തല്ക്കാലം. 
റൂമില്‍ കയറി വാതില്‍ അടച്ചു മുന്നിലിരുന്ന പേഴ്സ് തുറന്നു നോക്കി. 500 രൂപ ബാക്കി.സാലറി കിട്ടിയാല്‍ കുറച്ചു കാര്യങ്ങള്‍ പ്ലാന്‍ ചെയ്തതായിരുന്നു. ഇനിയൊന്നും നടക്കില്ല.  കണ്ണില്‍ വെള്ളം നിറഞ്ഞു. 
ഇതാണ് മോളെ ജീവിതം എന്ന് സ്വയം ആശ്വസിപ്പിച്ചു. അല്ലാതെന്തു ചെയ്യാന്‍ ????......

Sunday, 5 February 2012

ലൈഫ് ഈസ്‌ സോ ബോറിംഗ്

ആഗ്രഹിച്ചത് പോലെ ജീവിതം പോവുന്നില്ലെങ്കില്‍ എന്ത് ചെയ്യണം?? ജീവിതം എങ്ങോട്ട് പോവുന്നോ അതിന്റെ പുറകെ നമ്മള്‍ പോവുക....
ജീവിതത്തില്‍ ഏറ്റവും മടുപ്പ് തോന്നിയ ദിവസങ്ങളാണ് കടന്നു പോവുന്നത്... ഇങ്ങനെ എന്തിനാ ജീവിക്കുന്നത് എന്ന് വരെ തോന്നി പോവുകയാണ് പലപ്പോഴും. വെറും 22 വയസ്സായപ്പോഴേക്കും ജീവിതം മടുത്തോ എന്ന് പലരും ചോദിച്ചു കളിയാക്കുമായിരിക്കും . പക്ഷെ മനുഷ്യര്‍ എപ്പോഴും സ്വന്തം പ്രശ്നങ്ങളെ മാത്രം ഗൌരവമായി കാണുന്നവരാണ്. അത് കൊണ്ടു തന്നെ മറ്റുള്ളവരെ ഉപദേശിക്കാന്‍ എല്ലാവര്‍ക്കും എളുപ്പമാണ്. 
എന്നെ സ്നേഹിക്കുന്ന എന്‍റെ അച്ഛനും അമ്മയ്ക്കും വേണ്ടിയാണ് ഞാന്‍ ഇപ്പോള്‍ ജീവിക്കുന്നത്. അവരെ ഓര്‍ത്തു മാത്രം.. 
ഒരു കാര്യത്തിലും സന്തോഷിക്കാന്‍ കഴിയാത്ത അവസ്ഥ. എല്ലാം കൈവിട്ടു പോയി എന്നൊരു തോന്നല്‍.. പക്ഷെ മനസ്സിന്റെ ഉള്ളിലിരുന്നു ആരോ പറയുന്നത് പോലെ ഇടയ്ക്കു തോന്നും. എല്ലാം ശരിയാവും എന്ന്. ആ ഒരു വിശ്വാസമാണ് ഇന്ന് എന്നെ ജീവിതത്തില്‍ മുന്നോട്ടു നടത്തിക്കുന്നത്. 
എനിക്കൊപ്പം ആരുമില്ല എന്നൊരു തോന്നല്‍...... എന്നും കൂടെയുണ്ടാകും എന്ന് പറഞ്ഞവരും , അങ്ങനെ കൂടെയുണ്ടാവുമെന്നു ഞാന്‍ വിശ്വസിച്ചവരും ഇന്നെനിക്കൊപ്പം ഇല്ലാത്തതു പോലൊരു ശൂന്യത.. ഇടയ്ക്കും തലക്കും കുറെ ഉപദേശങ്ങള്‍ കേട്ട് മടുത്തു പോയി. ആഗ്രഹിച്ചതൊന്നും നടന്നില്ല. 
മനസ്സ് കിടന്നു വിങ്ങി പൊട്ടുകയാണ്‌. ആര്‍ക്കും മുന്നിലും എന്‍റെ സങ്കടങ്ങളെ നിരത്താന്‍ കഴിയുന്നില്ല.. ഈ ഭാരം പേറി എത്ര നാള്‍ എന്നറിയില്ല... എല്ലാം ഇറക്കി വച്ച് യാത്രയയാലോ എന്നൊരു തോന്നലും................
ഇരുട്ടില്‍ തപ്പി നടക്കുകയാണ് ഇപ്പോള്‍ ... ഒരു പ്രകാശം തേടി....

Saturday, 4 February 2012

സ്വപ്നാടനം




 നിലാവെളിച്ചത്തില്‍ ആ മുഖം ഞാന്‍ തൊട്ടടുത്ത്‌ നിന്ന് കണ്ടു.... ആരായിരുന്നു അത് ??? ഇന്നും അറിയില്ല... അതാരായിരുന്നു എന്ന്. പക്ഷെ ഒരു നിമിഷത്തില്‍ മിന്നി മറഞ്ഞു പോയ ആ മുഖം ഒരിക്കലും എന്‍റെ മനസ്സില്‍ നിന്നും മാഞ്ഞു പോവില്ല. 
നിഷ്കളങ്കമായ ആ മുഖം പലപ്പോഴും ഞാന്‍ ആള്‍കൂട്ടങ്ങള്‍ക്കിടയില്‍ ഇന്നും തിരയാറുണ്ട്. ആ കണ്ണുകളിലെ തീവ്രത , ആ രാത്രിയില്‍ എനിക്ക് നേരെ നോക്കിയാ ആ നോട്ടം- അത്.. എന്നും എന്‍റെ ഉറക്കം നഷ്ടപെടുത്തി കൊണ്ടേയിരുന്നു. 
ആ രാത്രി... എന്‍റെ ജീവിതം മാറ്റി മറച്ച ആ രാത്രി, ഒരു ദൈവ ദൂതനെ പോലെ എനിക്ക് മുന്നിലൂടെ നടന്നു പോയ ഒരു നല്ല മനുഷ്യനെ തേടിയുള്ള യാത്ര ആരംഭിച്ചിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഞാന്‍ അറിയുന്നു, ആ ദൈവദൂതനെ ഞാന്‍ പ്രണയിക്കുന്നു എന്ന്. 
ഇനി ഞാന്‍ ആ മുഖം കാണുമോയെന്ന് അറിയില്ല.. ഓരോ യാത്രയും ആ മനുഷ്യന്‍ എവിടെയാണ് എന്ന ചോദ്യം പേറിയാണ് . ആ മനുഷ്യന്‍ എന്നെ ഓര്‍ക്കുമോ? അറിയില്ല. എന്നെ കുറിച്ച് പിന്നീട് ആ നല്ല മനുഷ്യന്‍ എപ്പോഴെങ്കിലും ആലോചിച്ചു കാണുമോ? അന്വേഷണങ്ങള്‍ക്കിടയിലും ഇത് പോലുള്ള ചോദ്യങ്ങള്‍ എന്നെ വല്ലതെയലട്ടി. 
എങ്കിലും മനസ്സില്‍ ആ ആരാധനാ കഥാപാത്രത്തിന്‍റെ രൂപത്തിന് നിറം ചാലിച്ച് കൊണ്ടേയിരുന്നു. 
ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും എന്നെ കളിയാക്കി ചിരിച്ചു കൊണ്ടു കടന്നു പോയി. ഞാന്‍ ഇളിഭ്യയായി അവര്‍ക്ക് മുന്നില്‍ തല കുനിച്ചു നിന്നു. എന്‍റെ കണ്ണുകളില്‍ പ്രണയത്തിന്‍റെ അഗ്നിയാല്‍ വെള്ളം ധാര ധാരയായി ഒഴുകാന്‍ തുടങ്ങി.  പക്ഷെ അവര്‍ക്ക് മുന്നില്‍ തോറ്റു കൊടുക്കാന്‍ എനിക്ക് മനസ്സില്ലായിരുന്നു. എന്‍റെ കണ്ണുനീരിനെ ഞാന്‍ അവര്‍ക്ക് മുന്നില്‍ നിന്നു മറച്ചു പിടിച്ചു. പക്ഷെ രാത്രിയുടെ നിശബ്ദതയില്‍ ഏകയായി തേങ്ങുമ്പോള്‍ അറിയാതെ ഞാന്‍ തോറ്റു പോവുകയായിരുന്നോ ??? 
പുറത്തു മഴ തിമിര്‍ത്തു പെയ്യുമ്പോള്‍ ഞാന്‍ ഇറങ്ങി നടന്നു. എങ്ങോട്ടെന്നു എനിക്കറിയില്ലായിരുന്നു. എത്ര ദൂരം അങ്ങനെ നടന്നെന്നു എനിക്ക് നിശ്ചയമില്ല. കണ്ണിലേക്കു തറച്ചു കയറിയ പ്രകാശത്തിന്റെ തീവ്രതയിലാണ് പരിസരബോധം ഞാന്‍ വീണ്ടെടുത്തത്. എവിടെ നിന്നാണ് ആ പ്രകാശം? സൂചി പോലെ ശരീരത്തില്‍ കുത്തി വേദനിപ്പിക്കുന്ന ആ പെരുമഴയിലൂടെ പ്രകാശത്തിന്റെ  ഉറവിടം തേടി ഞാന്‍ മുന്നോട്ടു നീങ്ങി. പ്രകാശം മങ്ങി മങ്ങി വന്നു. ഒരു മനുഷ്യ രൂപം എനിക്ക് നേര്‍ക്ക്‌ നടന്നു വരുന്നത് ഞാന്‍ കണ്ടു. ഇരുണ്ട വെളിച്ചത്തില്‍ കണ്ണുകള്‍  ചിമ്മി തുറന്നു ഞാന്‍ ആ രൂപത്തെ ചൂഴ്ന്നു നോക്കി. ഒരു നിമിഷം എല്ലാ വികാരങ്ങളിലുടെയും ഞാന്‍ സഞ്ചരിച്ചു. കാലങ്ങളോളം ഞാന്‍ തേടി നടന്ന ആ മനുഷ്യന്‍ എനിക്ക് മുന്നില്‍, എന്‍റെ തോട്ടരികത്തു നില്‍ക്കുന്നു. ഞാന്‍ തല കുമ്പിട്ടു നിന്നു . എന്താണ് പറയേണ്ടത് എന്നെനിക്കറിയില്ലായിരുന്നു. പക്ഷെ ഒരൊറ്റ വക്കില്‍ ആ മനുഷ്യന്‍ ഞാന്‍ പറയാന്‍ ആഗ്രഹിച്ചതും കേള്‍ക്കാന്‍ കതോര്ത്തിരുന്നതും പറഞ്ഞു . ''എന്‍റെ യാത്ര അവസാനിച്ചിരിക്കുന്നു" . പിന്നെ തിരിഞ്ഞു നടന്നു. ഒന്നും പറയാന്‍ കഴിയാതെ ഞാന്‍ നിന്നു. എന്‍റെ യാത്രയും  അവസാനിച്ചിരിക്കുന്നതായി ഞാനും അറിയുന്നു.  ഇരുണ്ട നിലാവെളിച്ചത്തില്‍ ഞാനിനി നടക്കില്ല, ആള്‍കൂട്ടത്തില്‍ ആ മുഖം ഞാന്‍ ഇനി തേടില്ല.....