Saturday, 4 February 2012

സ്വപ്നാടനം




 നിലാവെളിച്ചത്തില്‍ ആ മുഖം ഞാന്‍ തൊട്ടടുത്ത്‌ നിന്ന് കണ്ടു.... ആരായിരുന്നു അത് ??? ഇന്നും അറിയില്ല... അതാരായിരുന്നു എന്ന്. പക്ഷെ ഒരു നിമിഷത്തില്‍ മിന്നി മറഞ്ഞു പോയ ആ മുഖം ഒരിക്കലും എന്‍റെ മനസ്സില്‍ നിന്നും മാഞ്ഞു പോവില്ല. 
നിഷ്കളങ്കമായ ആ മുഖം പലപ്പോഴും ഞാന്‍ ആള്‍കൂട്ടങ്ങള്‍ക്കിടയില്‍ ഇന്നും തിരയാറുണ്ട്. ആ കണ്ണുകളിലെ തീവ്രത , ആ രാത്രിയില്‍ എനിക്ക് നേരെ നോക്കിയാ ആ നോട്ടം- അത്.. എന്നും എന്‍റെ ഉറക്കം നഷ്ടപെടുത്തി കൊണ്ടേയിരുന്നു. 
ആ രാത്രി... എന്‍റെ ജീവിതം മാറ്റി മറച്ച ആ രാത്രി, ഒരു ദൈവ ദൂതനെ പോലെ എനിക്ക് മുന്നിലൂടെ നടന്നു പോയ ഒരു നല്ല മനുഷ്യനെ തേടിയുള്ള യാത്ര ആരംഭിച്ചിട്ട് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഞാന്‍ അറിയുന്നു, ആ ദൈവദൂതനെ ഞാന്‍ പ്രണയിക്കുന്നു എന്ന്. 
ഇനി ഞാന്‍ ആ മുഖം കാണുമോയെന്ന് അറിയില്ല.. ഓരോ യാത്രയും ആ മനുഷ്യന്‍ എവിടെയാണ് എന്ന ചോദ്യം പേറിയാണ് . ആ മനുഷ്യന്‍ എന്നെ ഓര്‍ക്കുമോ? അറിയില്ല. എന്നെ കുറിച്ച് പിന്നീട് ആ നല്ല മനുഷ്യന്‍ എപ്പോഴെങ്കിലും ആലോചിച്ചു കാണുമോ? അന്വേഷണങ്ങള്‍ക്കിടയിലും ഇത് പോലുള്ള ചോദ്യങ്ങള്‍ എന്നെ വല്ലതെയലട്ടി. 
എങ്കിലും മനസ്സില്‍ ആ ആരാധനാ കഥാപാത്രത്തിന്‍റെ രൂപത്തിന് നിറം ചാലിച്ച് കൊണ്ടേയിരുന്നു. 
ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും എന്നെ കളിയാക്കി ചിരിച്ചു കൊണ്ടു കടന്നു പോയി. ഞാന്‍ ഇളിഭ്യയായി അവര്‍ക്ക് മുന്നില്‍ തല കുനിച്ചു നിന്നു. എന്‍റെ കണ്ണുകളില്‍ പ്രണയത്തിന്‍റെ അഗ്നിയാല്‍ വെള്ളം ധാര ധാരയായി ഒഴുകാന്‍ തുടങ്ങി.  പക്ഷെ അവര്‍ക്ക് മുന്നില്‍ തോറ്റു കൊടുക്കാന്‍ എനിക്ക് മനസ്സില്ലായിരുന്നു. എന്‍റെ കണ്ണുനീരിനെ ഞാന്‍ അവര്‍ക്ക് മുന്നില്‍ നിന്നു മറച്ചു പിടിച്ചു. പക്ഷെ രാത്രിയുടെ നിശബ്ദതയില്‍ ഏകയായി തേങ്ങുമ്പോള്‍ അറിയാതെ ഞാന്‍ തോറ്റു പോവുകയായിരുന്നോ ??? 
പുറത്തു മഴ തിമിര്‍ത്തു പെയ്യുമ്പോള്‍ ഞാന്‍ ഇറങ്ങി നടന്നു. എങ്ങോട്ടെന്നു എനിക്കറിയില്ലായിരുന്നു. എത്ര ദൂരം അങ്ങനെ നടന്നെന്നു എനിക്ക് നിശ്ചയമില്ല. കണ്ണിലേക്കു തറച്ചു കയറിയ പ്രകാശത്തിന്റെ തീവ്രതയിലാണ് പരിസരബോധം ഞാന്‍ വീണ്ടെടുത്തത്. എവിടെ നിന്നാണ് ആ പ്രകാശം? സൂചി പോലെ ശരീരത്തില്‍ കുത്തി വേദനിപ്പിക്കുന്ന ആ പെരുമഴയിലൂടെ പ്രകാശത്തിന്റെ  ഉറവിടം തേടി ഞാന്‍ മുന്നോട്ടു നീങ്ങി. പ്രകാശം മങ്ങി മങ്ങി വന്നു. ഒരു മനുഷ്യ രൂപം എനിക്ക് നേര്‍ക്ക്‌ നടന്നു വരുന്നത് ഞാന്‍ കണ്ടു. ഇരുണ്ട വെളിച്ചത്തില്‍ കണ്ണുകള്‍  ചിമ്മി തുറന്നു ഞാന്‍ ആ രൂപത്തെ ചൂഴ്ന്നു നോക്കി. ഒരു നിമിഷം എല്ലാ വികാരങ്ങളിലുടെയും ഞാന്‍ സഞ്ചരിച്ചു. കാലങ്ങളോളം ഞാന്‍ തേടി നടന്ന ആ മനുഷ്യന്‍ എനിക്ക് മുന്നില്‍, എന്‍റെ തോട്ടരികത്തു നില്‍ക്കുന്നു. ഞാന്‍ തല കുമ്പിട്ടു നിന്നു . എന്താണ് പറയേണ്ടത് എന്നെനിക്കറിയില്ലായിരുന്നു. പക്ഷെ ഒരൊറ്റ വക്കില്‍ ആ മനുഷ്യന്‍ ഞാന്‍ പറയാന്‍ ആഗ്രഹിച്ചതും കേള്‍ക്കാന്‍ കതോര്ത്തിരുന്നതും പറഞ്ഞു . ''എന്‍റെ യാത്ര അവസാനിച്ചിരിക്കുന്നു" . പിന്നെ തിരിഞ്ഞു നടന്നു. ഒന്നും പറയാന്‍ കഴിയാതെ ഞാന്‍ നിന്നു. എന്‍റെ യാത്രയും  അവസാനിച്ചിരിക്കുന്നതായി ഞാനും അറിയുന്നു.  ഇരുണ്ട നിലാവെളിച്ചത്തില്‍ ഞാനിനി നടക്കില്ല, ആള്‍കൂട്ടത്തില്‍ ആ മുഖം ഞാന്‍ ഇനി തേടില്ല.....

No comments:

Post a Comment