Saturday, 19 November 2011

മുള്ള്

എനിക്ക് നിന്നെ നഷ്ടമാകുന്നത് ഞാന്‍ അറിയുന്നു. അരുത്  എന്ന് പറയാന്‍ എനിക്കും നിനക്കും കഴിയാതെ വരുമ്പോള്‍ നമ്മുടെ സ്നേഹത്തിന്‍റെ ആഴം ഞാന്‍ തിരിച്ചറിയുന്നു. ആര്‍ക്കാണ് തെറ്റ് പറ്റുന്നത്? എന്തിനോ തുടങ്ങി വച്ച ഒരു ഭ്രാന്ധന്‍ ചിന്തയില്‍ നിന്നല്ലേ നിന്‍റെ സ്നേഹം തുടങ്ങിയത്. അന്നത് തിരിച്ചറിയുമ്പോഴും കണ്ടില്ലെന്നു ഞാന്‍ നടിച്ചതും ഇങ്ങനെയൊരു വേര്‍പിരിയലിനെ മുന്‍കൂട്ടി കണ്ടു കൊണ്ടാണല്ലോ ... അന്ന് നീ എന്നെ വളഞ്ഞിട്ടു തല്ലി.. വേദനയോടെ ആണെങ്കിലും നിന്‍റെ  ഒപ്പം നില്ക്കാന്‍ തീരുമാനിച്ച നിമിഷത്തെ ,പക്ഷെ, ഞാന്‍ ഇന്നും ശപിക്കുന്നില്ല. 
പൈങ്കിളി കഥകള്‍ ഒരിക്കലും നമ്മുടെ പ്രണയത്തെ തൊട്ടിട്ടില്ല.. ഒരിക്കലും അത് അങ്ങനെയവതിരിക്കാന്‍ നീ തന്നെയാണ് ശ്രദ്ധിച്ചത്. അന്ന് ഒരു പരിഭവം തോന്നിയിരുന്നെങ്കിലും, നിന്‍റെ സ്വഭാവവും ആയി ഞാന്‍ പൊരുത്തപെട്ടു തുടങ്ങിയപ്പോ ഞാനും ഈ പൈങ്കിളി പ്രണയത്തെ വെറുത്തിരുന്നു. 
പ്രണയത്തെ കുറിച്ചുള്ള എന്‍റെ ചിന്തകള്‍ തെറ്റാണെന്ന് നിന്നോടോത്തുള്ള ഓരോ നിമിഷവും നീ എന്നിലേക്ക്‌ പകര്‍ന്നു തന്നു. 
നിന്‍റെ വിളിയും കതോര്‍ത്തിരിക്കാതെ  ഞാന്‍ എന്‍റെ ജോലികളിലും നീ നിന്‍റെ ജോലികളിലും മുഴുകിയപ്പോള്‍, നീയും ഞാനും മനസിലാക്കി... നിന്‍റെ ഉള്ളില്‍ ഞാനും എന്‍റെ ഉള്ളില്‍ നീയും ഉറങ്ങാതെ പോരടുകയാണെന്ന്.
മതവും ജാതിയും തകര്‍ത്താടുന്ന നമ്മുടെ സമൂഹത്തില്‍ എനിക്കും നിനക്കും സ്ഥാനമില്ല എന്ന്  തിരിച്ചറിഞ്ഞ നിമിഷത്തെ ഞാന്‍ ശപിച്ചു. 
ഒരു പ്രാര്‍ത്ഥനയിലൂടെ  എനിക്ക് നിന്നോടുള്ള സ്നേഹം മുഴുവന്‍ ഞാന്‍  ഒരു ചവറ്റു കോട്ടയിലേക്ക് തള്ളിയിടാന്‍  ശ്രമിക്കുന്നു . മനപൂര്‍വം തന്നെ. അത് നീ തന്നെ എന്നെ പഠിപ്പിച്ചു തന്നപ്പോള്‍ വേദനയെക്കാള്‍  ഏറെ  ഞാന്‍ അഹങ്കരിക്കുകയായിരുന്നു... നീ തന്നെയല്ലേ അത് ആദ്യം പറഞ്ഞെതെന്ന് ഓര്‍ത്ത് ഞാന്‍ സന്തോഷിച്ചു... സമാധാനിച്ചു.. ഉറങ്ങാന്‍ കിടന്നു.. മയക്കത്തിലേക്കു വഴുതി വീഴുമ്പോള്‍ ചുറ്റും ചവറ്റു കോട്ടകള്‍ നിരന്നു കിടക്കുന്നതായി തോന്നി. അതൊരു അക്ഷയപാത്രമാണെന്ന് സാക്ഷാല്‍ കൃഷ്ണ ഭഗവന്‍ എന്‍റെ മുന്നില്‍ വന്നു നിന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ചിരിച്ചു തളളി. ഞാന്‍ കളയുന്ന സ്നേഹം മുഴുവന്‍ അക്ഷയപത്രമായി മാറുന്നോ എന്ന് ചോദിച്ചു കളിയാക്കിയപ്പോള്‍ കൃഷ്ണന്‍ എന്നെ നോക്കി പുഞ്ചിരി തൂകി, ഞാന്‍ കിടക്കയില്‍ നിന്ന് എഴുന്നേറ്റപ്പോള്‍, കാലില്‍  ഒരു മുള്ള് കൊണ്ടു. അത് പറിച്ചെടുത്തു കളയാന്‍ വേണ്ടി ജനാല തുറന്നപ്പോള്‍ ..അതാ അവിടെ നില്‍ക്കുന്നു സാക്ഷാല്‍ യേശു ക്രിസ്തു . എന്താ പുറത്തു നില്‍ക്കുന്നത് എന്ന് ചോദിച്ചപ്പോള്‍  മറുപടി പറയാതെ യേശു തിരിഞ്ഞു നടന്നു. സങ്കടം തോന്നി.. ആ സങ്കടം ഇറക്കി വയ്ക്കാന്‍ കൃഷ്ണനെ നോക്കിയപ്പോ പുള്ളിക്കരനെയും അവിടെ കാണാനില്ല.. 

വീണ്ടും വന്നു കിടന്നു. കാലില്‍ ആണി കൊണ്ടതിന്റെ  അസഹ്യമായ വേദന..ഇരുട്ടില്‍ പുതപ്പു തപ്പിയെടുത്തു മൂടി പുതച്ചുറങ്ങി. നേരം വെളുക്കുവോളം ആ വേദന കാലില്‍ തങ്ങി നിന്നിരുന്നു... 

Friday, 18 November 2011

ഊന്നുവടി

ആ  യാത്രയില്‍  തനിച്ചല്ലായിരുന്നു . ചുറ്റും  കലപില കൂട്ടുന്ന  മനുഷ്യകോലങ്ങള്‍.. പലപ്പോഴായി തോന്നിയ പൊരുത്തക്കേടുകളെ കണ്ടില്ലെന്നും  കേട്ടില്ലെന്നും  നടിച്ചു. ആ നടനത്തിലൂടെ ആ ലോകം അവരുടേത് മാത്രമായി. കയ്യിലെ ഊന്നുവടിയെ ഒന്നുകൂടെ  മുറുകെ പിടിച്ചു. അത് അവരുടെ ആത്മവിശ്വാസം കൂട്ടി. ആരുടേയും സഹായം തനിക്കു വേണ്ടെന്ന കളങ്കമില്ലാത്ത അഹങ്കാരം. 
ഈ യാത്ര പുറപ്പെട്ട നിമിഷം മുതല്‍ മനസ്സിലൂടെ കടന്നു പോയത് ഒരു ജീവിതം തന്നെയാണ്. നര കയ്യേറ്റം  ചെയ്ത   മുടിയിഴകള്‍ക്കും ജീവിതത്തിന്റെ അവസാന ഘട്ടമാണെന്നു കളിയാക്കുന്ന ശരീരത്തിലെ ചുളിവുകള്‍ക്കും ഉണ്ട് കഥകള്‍ പറയാന്‍. ആ ജീവിതത്തിന്റെ കഥ. കടങ്കഥ പോലെ തോന്നിക്കുന്ന ഒരു ചെറിയ ജീവിതത്തിന്റെ വലിയ കഥ. 
ഇടയ്ക്കു കയറി വന്നിരുന്ന ട്രെയിനിന്റെ ചൂളം വിളിയില്‍ പലപ്പോഴായി അലിഞ്ഞു പോയത് ജീവിതത്തിന്റെ നിര്‍ണായക ഘട്ടങ്ങളെ അനുസ്മരിക്കുന്ന നിമിഷങ്ങളായിരുന്നു.  വീണ്ടും ഓര്‍ത്തെടുക്കാന്‍ മനസ്സ് അനുവദിച്ചില്ല. മനസ്സിന്റെ മടുപ്പ് അവിടെയും വിജയിക്കുകയായിരുന്നു. ആര്‍ക്കോ വേണ്ടി ജീവിക്കനാണോ ഇനിയും ജീവിതം ബാക്കി വച്ചിരിക്കുന്നത്. 
ഒരു നിലവിളിയില്‍ ഒതുക്കാമായിരുന്നത്  മൌനത്തിലേക്ക്‌ നീങ്ങിയപ്പോ ഈ ലോകത്തോട്‌ തന്നെ വെറുപ്പ്‌ തോന്നിയ നിമിഷങ്ങള്‍ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ട്. അത് ഒരു പരിധി  വരെ തന്റെ മനസ്സിന്റെ സമനിലയെ താളം തെറ്റിച്ചിരുന്നു. കരഞ്ഞു തീര്‍ക്കേണ്ടത് കരഞ്ഞു തന്നെ തീര്‍ക്കണം എന്ന പാഠം ഉള്‍ക്കൊള്ളാന്‍ അത് ഇപ്പോള്‍ സഹായിച്ചു. മൌനത്തെ  കാലത്തിന്‍റെ വിളക്കിലെ തിരി മാത്രമായി  മാറ്റേണ്ടത് ആയിരുന്നു.   എരിഞ്ഞു  തീര്‍ക്കേണ്ട തിരി.   ആ നിമിഷങ്ങള്‍ ഈ യാത്രയിലെ ഓര്‍മകളില്‍ നിറയുമ്പോള്‍ തന്നോട് തന്നെ ഒരു പുച്ഛം ആണ് തോന്നുന്നത്. 
ഒരിക്കലും മറക്കാനാവാത്ത സുന്ദര നിമിഷങ്ങള്‍ സമ്മാനിച്ചവരുടെ മുഖങ്ങള്‍ മനസ്സിലൂടെ കടന്നു പോയപ്പോള്‍ തന്റെ ചുണ്ടില്‍ മൊട്ടിട്ട പുഞ്ചിരിയെ മറ്റാരെങ്കിലും കണ്ടോ എന്ന് നോക്കിയപ്പോളാണ് കാണുന്നത് ചുറ്റിലുമുള്ള മനുഷ്യ കോലങ്ങള്‍ നിരനിരയായി നടന്നകലുന്നത്. ആ തിരിച്ചറിവില്‍ തന്റെ യാത്ര ഇവിടെ അവസാനിക്കുകയാണെന്ന്  അറിയുന്നു. 

 ട്രെയിന്‍ ഇറങ്ങി നടക്കുമ്പോള്‍ ആ ഊന്നു വടിയോടു അവര്‍ സംസാരിക്കുകയായിരുന്നു. എന്തായിരുന്നു അവര്‍ സംസാരിച്ചത് !!! അറിയില്ല... പക്ഷെ  , കഴിഞ്ഞ കാല ജീവിതത്തിന്‍റെ ഏടുകള്‍ മറിച്ചു നോക്കാനുള്ള ഉത്സാഹം ആ മുഖത്ത് കാണുന്നുണ്ടായിരുന്നു. ലോകത്തെ അറിയാന്‍ വെമ്പുന്ന ഒരു കൊച്ചു കുട്ടിയുടെ മുഖത്തെ അതേ ഉത്സാഹം!!!
  

Saturday, 5 November 2011

കണ്ണൂക്ക്


കണ്ണൂക്ക് എന്നാല്‍ വീട്ടില്‍ ആരെങ്കിലും മരിച്ചാല്‍ ബന്ധുക്കള്‍  കൊണ്ട് തരുന്ന പലഹാരങ്ങള്‍ എന്നാണ് എന്‍റെ വിശ്വാസം. പലഹാരങ്ങള്‍ മാത്രമല്ല ഒരു വീട്ടിലേക്കു വേണ്ട പലചരക്ക് സാധനങ്ങള്‍ വരെ കൊണ്ടു വരും 'വിരുന്നുകാര്‍' .കൂട്ടത്തില്‍ വെറ്റിലയും അടക്കയും വരെയുണ്ടാകും.ചുരുക്കി പറഞ്ഞാല്‍  സംഗതി കൊള്ളാം !!!  എന്നാല്‍ കണ്ണൂക്ക് എന്ന വാക്കിന്‍റെ ഉത്ഭവം എങ്ങനെ  എന്ന് തലപുകഞ്ഞു  ആലോചിക്കാന്‍ തുടങ്ങിയിട്ട്  കുറച്ചു കാലമായി. കൃത്യമായ ഒരുത്തരം തരാന്‍  ആര്‍ക്കും കഴിഞ്ഞിട്ടില്ല. 
വീട്ടില്‍ അച്ഛന്റെ അമ്മായി മരിച്ചപ്പോഴും, വല്യമ്മാമ മരിച്ചപ്പോഴും "കണ്ണൂക്ക്" കൊണ്ട് വരുന്നത് ഞാന്‍ കൌതുകത്തോടെ നോക്കി നിന്നിട്ടുണ്ട് . അത് ചെറുപ്പത്തില്‍... അന്നൊന്നും അതിനെ കുറച്ചു ''ആധികാരികമായി" മനസിലാക്കാനോ ഒരു വ്യക്തമായ ഉത്തരം  തേടാനോ ഉള്ള ശ്രമം  ഞാന്‍ നടത്തിയിട്ടുമില്ല  എന്നത് വസ്തുത. എന്നാല്‍ ഇപ്പോള്‍ അമ്മമ്മ മരിച്ചു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 'പുല ' കുളിച്ചിരിക്കുന്ന മക്കള്‍ക്കും പേരകുട്ടികള്‍ക്കും ബന്ധുക്കള്‍ കൊണ്ട് വരുന്ന "കണ്ണൂക്ക് പലഹാരങ്ങള്‍ക്ക്" പിന്നിലെ ഒളിച്ചു കളിയറിയാന്‍ ഒരു ആഗ്രഹം. സംശയ ദൂരികരണത്തിന് ആദ്യം സമീപിച്ചത് സ്വാഭാവികമായും അമ്മയെ തന്നെ. ആരോ കൊണ്ടു വന്ന പലഹാരകെട്ടു പൊട്ടിക്കുന്നതിനിടയില്‍ ചോദ്യം  ഞാന്‍ എറിഞ്ഞു  കൊടുത്തു "എന്താ ഈ കണ്ണൂക്ക് എന്ന് വെച്ചാല്‍ ?" ഇത് കേട്ട് കൊണ്ട് വന്ന വല്യച്ചന്‍ വളരെ സ്വാഭാവികതയോടെ പറഞ്ഞു "പലഹാരങ്ങള്‍ കൊണ്ടുവെരല്‍ " ഇത് കേട്ട് എല്ലാരും ചിരിച്ചു, ഞാനും ചിരിയില്‍ പങ്കാളിയായി. പക്ഷെ വ്യക്തമായ ഒരു ഉത്തരം കിട്ടാത്തതിന്റെ സങ്കടം ആ ചിരിയില്‍ ഒളിഞ്ഞു കിടന്നിരുന്നു. എന്തെങ്കിലും കാര്യത്തില്‍ സംശയം വന്നാല്‍  ആ വിഷയത്തില്‍ ഹോള്‍ ബോഡി ചെക്ക്‌ അപ്പ്‌ നടത്താതെ ഒരു സമാധാനം കിട്ടാറില്ല. 
ഇതിനെ കുറിച്ച് കൂടുതല്‍ പറഞ്ഞു തരാന്‍ കഴിയുക പ്രായമായവര്‍ക്കാകും. അത്തരത്തില്‍ പറഞ്ഞു തരാന്‍ മാത്രം അടുപ്പമുള്ള  പ്രായമായവരെ കണ്ടു കിട്ടണ്ടേ, ഒന്ന് ചോദിക്കാമെന്ന്  വിചാരിച്ചാല്‍. അങ്ങനെ ഓരോ കൂട്ട്  പലഹാരങ്ങള്‍ എത്തുമ്പോഴും അതിലെ ഇഷ്ട വിഭവങ്ങളെ തിരഞ്ഞെടുത്തു സ്വാദോടെ ഭക്ഷിക്കുമ്പോഴും കണ്ണൂക്ക് എന്ന് വാക്ക് എങ്ങനെ  ഉണ്ടായെന്നു ആ പലഹാരങ്ങളെ നോക്കിയും അറിയാതെ ചോദിച്ചു  പോവും.   
അപ്പോഴാണ് ഒരു ഐഡിയ തോന്നിയത്. നോര്‍ത്ത് ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകരെല്ലാം ഐശ്വര്യ റായിയുടെ "പ്രസവം നടത്താന്‍ ഓടുമ്പോള്‍" കുട്ടിയുടെ അച്ഛന്‍ പറഞ്ഞു നടക്കുന്നത് പോലെ "what an idea sirji!!! എന്ന് ഞാനും പറഞ്ഞു. .പെറ്റ തള്ളയെ ഒഴികെ ബാക്കിയെല്ലാത്തിന്റെയും ഡ്യൂപ്ലിക്കേറ്റ്‌ കുന്നംകുളത്തും കിട്ടും എന്ന്കേട്ടിട്ടുണ്ട്. അത് പോലെ മേലനങ്ങാ കള്ളികള്‍ക്കും കള്ളന്മാര്‍ക്കും ആശ്രയിക്കാവുന്ന ഇന്റര്‍നെറ്റിനെതന്നെ ആശ്രയിക്കാനുള്ള  ഐഡിയ തന്നയാണ് എന്‍റെ തലയിലും വാണം വിട്ട പോലെ പാഞ്ഞത് . ഈ തലയില്‍ അത്രയ്ക്കുള്ള ഐഡിയ മാത്രേ കിട്ടൂ. അതിന്റെ അഹങ്കാരം ഒന്നുമില്ലാട്ടോ!!!പക്ഷെ ഇന്റര്‍നെറ്റും എന്നെ ചതിച്ചു. ചതിയന്‍ ചന്തു എന്ന് മനസ്സ് കൊണ്ടു വിളിച്ചു. കണ്ണൂക്കിന്റെ "ഐതിഹ്യം" ഇന്റര്‍നെറ്റ്‌ തന്നാല്‍ 'മോനെ മനസ്സില്‍ ലഡ്ഡു പൊട്ടി' എന്നുറക്കെ കിച്ചുവിന്റെ മുഖത്ത്  നോക്കി പറയണം എന്ന് വിചാരിച്ചതായിരുന്നു." ശോ!!! എന്ത് ചെയ്യാം പ്രതീക്ഷകള്‍ അസ്തമയ സൂര്യനായി മാറുകയായിരുന്നു അവിടെ . പക്ഷെ വീണ്ടും ഉദിക്കാന്‍ സൂര്യന്റെ ജന്മം ഇനിയും ബാക്കിയാണല്ലോ. 

പിന്നെ നേരെ വിട്ടു ഫേസ്ബുക്കിലോട്ട് . തല്ക്കാലം കണ്ണൂക്കിനെ പാതി വഴിയില്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. 
 പക്ഷെ കണ്ണൂക്ക് എന്ന് വാക്കിന്‍റെ അര്‍ഥം  തേടിയുള്ള യാത്ര തുടരുകയാണ്. ഒരിക്കല്‍ എനിക്ക് തൃപ്തികരമായ ഉത്തരം കിട്ടും എന്ന വിശ്വാസത്തില്‍. അന്ന് ഞാന്‍ വീണ്ടും ബ്ലോഗിക്കും-" കണ്ണൂക്ക് എന്ന പേരിനുമുണ്ട് ഒരു കഥ പറയാന്‍" എന്ന് തലകെട്ടില്‍...

Friday, 4 November 2011

മൊബൈല്‍ മാനിയ

ഹോസ്റ്റലിലെ  വരാന്തയിലൂടെ  ഞാന്‍ അലഞ്ഞു നടന്നു, ഒരു  ഒഴിഞ്ഞ  ഇടം തേടി. കയ്യില്‍ കിടന്നു വാവിട്ടു കരയുന്ന മൊബൈയില്‍  നോക്കി അക്ഷമയായി ഞാന്‍ ഓടി നടന്നു. എവ്ടെയും ഒരു ഒഴിഞ്ഞ ഇടം കാണാന്‍ ഇല്ല. സ്വസ്ഥമായി സല്ലപിക്കാന്‍ ഈ ലോകത്ത് സ്ഥലമില്ലെന്നു പറഞ്ഞാല്‍  ആരെങ്കിലും വിശ്വസിക്കുമോ ? സ്വന്തം റൂമിലിരിക്കാം എന്ന് വിചാരിച്ചാല്‍  അവടെ ഒരുത്തി  നേരത്തെ സ്ഥാനം പിടിച്ചിരിക്കുന്നു, മൊബൈയിലില്‍ സൊള്ളി കൊണ്ട്. അത് കൊണ്ട് അവടെ നിന്നിറങ്ങി വരാന്തയിലേക്ക്‌  നോക്കിയപ്പോ പത്തു പതിനാറു പെണ്‍കിടാങ്ങള്‍ തലങ്ങും വിലങ്ങും ചെവിയില്‍ ഇതേ കുന്ത്രാണ്ടം വച്ച് നടന്നു കളിക്കുന്നു. ഇനിയിപ്പോ ഞാന്‍ എവടെ പോവും? ഞാന്‍ നടന്നു , ഞങ്ങള്‍ടെ ഫ്ലോറിനു  മുകളിലേക്ക്   കയറി പോവാനുള്ള വഴിയില്‍ ഒരിടം കാണുമെന്ന വിശ്വാസത്തില്‍ .. അപ്പൊ ദേ.. കാണുന്നു അവടെ 3 പേര്‍ . എന്‍റെ ഫോണിന്‍റെ കരച്ചില്‍ നിര്‍ത്താന്‍ രണ്ടും കല്‍പ്പിച്ചു ഞാന്‍ കോള്‍ എടുത്തു. മറ്റേ തലക്കലെ ശബ്ദം   കേട്ടപ്പോള്‍ സങ്കടം  ആണ് തോന്നിയത്. കാരണം ഏറെ നേരത്തെ കാത്തിരിപ്പിനൊടുവില്‍ ആറ്റു നോറ്റു വിളിച്ചതാണ്. അപ്പൊ സ്വസ്ഥമായി സംസാരിക്കാന്‍ ഒരു സ്ഥലമില്ല എന്ന് പറയാന്‍ പറ്റോ!!! തല്ക്കാലം ഉള്ളത് കൊണ്ട് ഓണം പോലെ എന്ന് പറഞ്ഞ മഹാനു സ്തുതി പറഞ്ഞു ഞാനും നടക്കാന്‍ തുടങ്ങി വരാന്തയിലൂടെ  തലങ്ങും വിലങ്ങും, പതിനേഴാമത്തെ പെണ്‍കിടവായി ...

I see the World, through the eyes of Music..!!



It’s a difficult job to get an exclusive story from a State Youth Festival venue as the place would be full of variety of talents put in together. Still, with confidence, we were wandering around in search of a story that would touch human hearts. We stopped our hunt and rushed towards the stage on the other side of the road when we a heard sweet classical music that was caught in our ears. It was Sruthy, the 13 year old student of Vattenad Govt. Vocational Higher Secondary School who was blind by birth, contesting for the Classical music competition, who then won 1st A grade.
            She was happy to talk with us as she knew that there is somebody for her to share her interests with. Music is illuminating her life path for the past eight years and she lives in her own world where there is only music, but not visuals. Sruthy has always wondered how people read fast looking at a book when she listens to her brother reading out lessons for her. If she hears the sound of an aero plane, she runs to the courtyard and listen to the direction from where the sound comes from.  Sruthy, who is also excellent in studies was awarded The Helen Keller Award for the blind and has won the Kamukara foundation award for her marvelous singing twice. She’s blessed with a chance of participating in the Chembai Music Festival every year. Sruthy can identify the voice of any singer, her friends and relatives. Vidhu Prathap, the famous Malayalam play back singer is the one whom admires the most.
            She has no complaints or wishes, she’s happy with all that she have. “I believe in the prayers of those who love me and that give me strength”, says Sruthy with smiles and tear filled eyes….!!!!

note: This is a news story which me and my friend vandana did for our news paper in college. we got this story from the state special school youth festival, which was held in palakkad about 2 years back.

നിലയ്ക്കാത്ത "നിഴല്‍ നാടകങ്ങള്‍ക്ക്" ഉണങ്ങാത്ത മഷിത്തണ്ട്


ഈ "നിഴല്‍ നാടകങ്ങളെ" ഞാന്‍ എന്നും ഭയന്നിരുന്നു. ജീവിതത്തിന്‍റെ  തുടക്കത്തില്‍ അത്തരം ഒരു നാടകം ആടിതീര്‍ത്തല്ലോ എന്നൊരു അഹങ്കാരം ഉണ്ടായിരുന്നു. അഹങ്കാരത്തിന് കാരണം ഇനി ആ നാടകങ്ങള്‍ എന്‍റെ ജീവിതത്തിലുണ്ടാവില്ല എന്ന സന്തോഷം. ഇത്തരം നാടകങ്ങള്‍ ഞാന്‍ തന്നെയാണ് ജീവിതത്തില്‍ നിന്നും പടിയടച്ചു പിണ്ഡം വച്ചത്. ഒരു സംക്രാന്തി തലേന്ന് "പൊട്ടിയെ പോ ശീപോതി വാ" എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ യാതൊരു അനുസരണകേടും കാണിക്കാതെ "നിഴല്‍ നാടകം" എന്നെ വിട്ടു പോയി. അത് പോകുന്നത് പോലും ഞാന്‍ തിരിഞ്ഞു നോക്കിയില്ല.   വളരുന്തോറും ഈ "നിഴല്‍ നാടകങ്ങളെ" വെറുക്കുകയും മനസ്സ് കൊണ്ട് അവയ്ക്ക് നേരെ സമരം ചെയ്യുകയും ഉണ്ടായി പലപ്പോഴും. ഇന്ന് ഈ "നിഴല്‍ നാടകത്തിന്‍റെ" തിരശീല വീണ്ടും എന്‍റെ ജീവിതത്തില്‍ പൊങ്ങുമ്പോള്‍  മനസ്സില്‍ നിറയുന്നത് ഭയം മാത്രമല്ല, ഏറെ പാട്പെട്ട് മനസ്സിന്റെ അകത്തളങ്ങളില്‍  സ്വൊരു കൂട്ടി വെച്ചിരുന്ന സ്വപ്നങ്ങളും ധൈര്യവും എന്നെ വിട്ടകന്നു പോകുമോ എന്നൊരു വിഷാദവും നിഴലിക്കുകയാണ്. വിധി എങ്ങോട്ട് എന്ന് പറയാന്‍ മനുഷ്യനാര്! പക്ഷെ പലപ്പോഴും ഈ വിധിക്ക് വിനയാകുന്നത് നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ തന്നെ. അഥവാ മണ്ടത്തരങ്ങള്‍ തന്നെ !!!
ആകെയുള്ള ജീവിതമോ? അതോ ഓടി തീര്‍ക്കാന്‍ മാരത്തോണ്‍ പോലെ ജന്മങ്ങള്‍ ബാക്കി കിടക്കുകയാണോ എന്നറിയില്ല. കേരളത്തിലെ റോഡ്‌ പോലെയാണ് ജീവിതങ്ങള്‍ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്‌. കുണ്ടും കുഴിയും നിറഞ്ഞ  റോഡിലേക്ക് പാഞ്ഞു കയറിയിറങ്ങുന്ന വണ്ടികള്‍ പോലെ നമ്മുടെയൊക്കെ ജീവിതത്തിലേക്കും ധാരാളം വണ്ടികള്‍ കയറി ഇറങ്ങാറുണ്ട്‌. ആ വണ്ടികള്‍ക്ക് മനുഷ്യന്‍റെ ഗന്ധമാണുള്ളത്. പലതരം മനുഷ്യ വണ്ടികള്‍. ചില ആളുകള്‍ നമ്മുടെ ജീവിതങ്ങളിലൂടെ  കടന്നു പോകുന്നവര്‍, പൊതു വാഹനങ്ങള്‍ പോലെയാണ് . മറ്റു ചിലരാകട്ടെ  നമുക്ക് സ്വന്തം എന്ന് കരുതുന്നത്, പ്രൈവറ്റ് വാഹനങ്ങള്‍ പോലെയും . എന്നാല്‍ ഈ "പ്രൈവറ്റ് മനുഷ്യര്‍" നമ്മുടെ സ്വന്തം എന്ന് അഹങ്കരിക്കുമ്പോള്‍ പോലും ജീവിതത്തില്‍ നമ്മള്‍ ഏകാന്തരായി  കഴിയാന്‍  പഠിച്ചിരിക്കണം . ചില ജോലി പരസ്യങ്ങളില്‍ ഒക്കെ കാണുന്ന പോലെ 'മിനിമം യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി ' എന്ന് പറയുന്നത് പോലെ ജീവിക്കാന്‍ വേണ്ട മിനിമം യോഗ്യത : ' ജീവിതത്തിലെ ഏതെങ്കിലും വിഷമഘട്ടങ്ങളെ തരണം ചെയ്യാനുള്ള മനക്കട്ടി ' എന്ന് പറയാം. ആരും എതിര്‍ക്കില്ല എന്ന് തന്നെ ഉറപ്പിക്കാം. ഇനി അഥവാ എതിര്‍ത്താലും എതിര്‍ക്കാത്തവരുണ്ടല്ലോ എന്ന് സമാധാനിക്കാം. നിഷ്പക്ഷരെയും ആശ്രയിക്കാം. എന്തായാലും 700 കോടി തികച്ച ലോകത്ത് കുറച്ചു ആളുകളുടെയെങ്കിലും  "സപ്പോര്‍ട്ട്" കിട്ടാതിരിക്കില്ലല്ലോ. 

സഖാക്കള്‍ക്ക് ലാല്‍സലാമും  ഖദര്‍ ഇട്ടവര്‍ക്കു ഒരു കൈകൂപ്പലും , കേരളത്തില്‍ വിരിയാത്ത താമരക്ക്‌ മുന്നില്‍ രക്ഷ ബന്ധിപ്പിച്ചും ഒപ്പം മുക്കിലും മൂലയിലും കിടന്നു "ജനങ്ങള്‍ക്ക്‌ വേണ്ടി കഷ്ടപെടുന്ന" മറ്റു എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നല്ലത് മാത്രം വരുത്തണേ.. എന്ന് പ്രാര്‍ത്ഥിച്ചു  കൊണ്ടും  ഈ നിഴല്‍ നാടകം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയും എന്നാ വിശ്വാസത്തോടെയും ഈ മഷിത്തണ്ട് ഞാന്‍ ഉണക്കാന്‍ ഇടുകയാണ്, എന്നന്നേക്കുമായി അല്ല... വളരെ കുറച്ചു നേരത്തേക്ക്. ഉണങ്ങിയ മഷിത്തണ്ടില്‍ പുതിയ മഷിത്തുള്ളികള്‍ കിടന്നു പിടക്കുന്നത്‌ കാണാനുള്ള കാത്തിരിപ്പോടെ . 

അടികുറിപ്പ് : ഈയുള്ളവള്‍ ഉദ്ദേശിച്ച "നിഴല്‍ നാടകം" ജീവിതത്തിലേക്ക് ഉള്‍വലിഞ്ഞു പോകുന്നതിനെ കുറിച്ചാണ്...

പൂര്‍ണ്ണമല്ലാത്ത അക്ഷരങ്ങള്‍



ഞാന്‍ എഴുതി തുടങ്ങി .മനസ്സിലുള്ളത്  വാരിവിതറാന്‍ വാക്കുകള്‍ക്ക് വേണ്ടി പിടഞ്ഞു കൊണ്ട് തന്നെ. ആരുമില്ല എന്‍റെ മുന്നില്‍. എനിക്ക് മുന്നില്‍ ഞാന്‍ തന്നെ, എനിക്ക് സാക്ഷി എന്‍റെ കൈകളില്‍ പിടയുന്ന അക്ഷരങ്ങള്‍ തന്നെ. ഓര്‍ക്കാപുറത്ത് തുടങ്ങി വച്ച വാക്കുകള്‍ മുഴുവനാക്കാന്‍  കഴിയില്ല എന്നറിഞ്ഞു  കൊണ്ട് തന്നെ, ഞാന്‍ എഴുതി തുടങ്ങി.
നിലത്തു കിടന്നു പിടയുന്ന വാക്കുകളെ പെറുക്കി കൂട്ടി  ഒരു കടലാസ് കഷ്ണത്തില്‍  കൂട്ടി വെക്കാനാണ് ആദ്യം  തോന്നിയത്. അത് മടിയോടെ ഓര്‍ത്തു നിന്നു ഏറെ നേരം. വെള്ളത്തിന്‌ പുറത്തു കിടന്നു പിടയുന്ന മീനുകളെ പോലെ വാക്കുകള്‍ പിടയുന്നത് കണ്ടപ്പോള്‍ സഹതാപം അണപൊട്ടാന്‍ തുടങ്ങി. പിന്നെ കാത്തു നിന്നില്ല. പെറുക്കിയെടുത്തു കൈകുമ്പിളില്‍ നിറച്ച അക്ഷരകൂട്ടങ്ങളെ  കൃത്യമായി തന്നെ അടുക്കിവച്ചു, കമ്പ്യൂട്ടര്‍ എന്ന വശീകരണ യന്ത്രത്തിലേക്ക്, വാക്കുകളെ മിന്നിതെളിയിക്കുമ്പോള്‍ അതിനു ജീവന്‍ പകരാന്‍ ബ്ലോഗ്‌ എന്ന പരസ്യമായ രഹസ്യ അറയെ കൂട്ട് പിടിക്കുന്നു.  പേന എടുക്കാതെ വിരലുകള്‍ കൊണ്ട് അക്ഷരത്തില്‍ അമര്‍ത്തുമ്പോള്‍  ഒരു കുറ്റബോധം കുറച്ചു ഉണ്ടെന്നു പറഞ്ഞാല്‍ അതിനു തെറ്റു പറയാനും പറ്റില്ല. കാരണം കൈ  കൊണ്ട് എഴുതുന്നതിന്റെ ഒരു സുഖം ടൈപ്പ് ചെയ്തു അടിച്ചു കയറ്റിയാല്‍  കിട്ടില്ലല്ലോ! ഒപ്പം അക്ഷരങ്ങളുടെ അനുസരണകേടും. പക്ഷെ എന്ത് ചെയ്യാം ? "രംഗബോധമില്ലാത്ത കോമാളിയാണ് മരണം "എന്ന് പറഞ്ഞത്  "രംഗബോധമില്ലാത്ത കോമാളിയാണ്‌  മടി" എന്നാക്കി മാറ്റേണ്ടി  വരും ഇവിടെ  . 
നിമിഷങ്ങള്‍ കടന്നു പോവുകയാണ് . ചുറ്റും ആരുമില്ല  എന്ന ഉറച്ച വിശ്വാസത്തില്‍ വാക്കുകള്‍ ഉടലെടുക്കുകയാണ്, പൂര്‍ണ്ണ സ്വാതന്ത്രത്തോടെ.