Friday, 4 November 2011

നിലയ്ക്കാത്ത "നിഴല്‍ നാടകങ്ങള്‍ക്ക്" ഉണങ്ങാത്ത മഷിത്തണ്ട്


ഈ "നിഴല്‍ നാടകങ്ങളെ" ഞാന്‍ എന്നും ഭയന്നിരുന്നു. ജീവിതത്തിന്‍റെ  തുടക്കത്തില്‍ അത്തരം ഒരു നാടകം ആടിതീര്‍ത്തല്ലോ എന്നൊരു അഹങ്കാരം ഉണ്ടായിരുന്നു. അഹങ്കാരത്തിന് കാരണം ഇനി ആ നാടകങ്ങള്‍ എന്‍റെ ജീവിതത്തിലുണ്ടാവില്ല എന്ന സന്തോഷം. ഇത്തരം നാടകങ്ങള്‍ ഞാന്‍ തന്നെയാണ് ജീവിതത്തില്‍ നിന്നും പടിയടച്ചു പിണ്ഡം വച്ചത്. ഒരു സംക്രാന്തി തലേന്ന് "പൊട്ടിയെ പോ ശീപോതി വാ" എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ യാതൊരു അനുസരണകേടും കാണിക്കാതെ "നിഴല്‍ നാടകം" എന്നെ വിട്ടു പോയി. അത് പോകുന്നത് പോലും ഞാന്‍ തിരിഞ്ഞു നോക്കിയില്ല.   വളരുന്തോറും ഈ "നിഴല്‍ നാടകങ്ങളെ" വെറുക്കുകയും മനസ്സ് കൊണ്ട് അവയ്ക്ക് നേരെ സമരം ചെയ്യുകയും ഉണ്ടായി പലപ്പോഴും. ഇന്ന് ഈ "നിഴല്‍ നാടകത്തിന്‍റെ" തിരശീല വീണ്ടും എന്‍റെ ജീവിതത്തില്‍ പൊങ്ങുമ്പോള്‍  മനസ്സില്‍ നിറയുന്നത് ഭയം മാത്രമല്ല, ഏറെ പാട്പെട്ട് മനസ്സിന്റെ അകത്തളങ്ങളില്‍  സ്വൊരു കൂട്ടി വെച്ചിരുന്ന സ്വപ്നങ്ങളും ധൈര്യവും എന്നെ വിട്ടകന്നു പോകുമോ എന്നൊരു വിഷാദവും നിഴലിക്കുകയാണ്. വിധി എങ്ങോട്ട് എന്ന് പറയാന്‍ മനുഷ്യനാര്! പക്ഷെ പലപ്പോഴും ഈ വിധിക്ക് വിനയാകുന്നത് നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ തന്നെ. അഥവാ മണ്ടത്തരങ്ങള്‍ തന്നെ !!!
ആകെയുള്ള ജീവിതമോ? അതോ ഓടി തീര്‍ക്കാന്‍ മാരത്തോണ്‍ പോലെ ജന്മങ്ങള്‍ ബാക്കി കിടക്കുകയാണോ എന്നറിയില്ല. കേരളത്തിലെ റോഡ്‌ പോലെയാണ് ജീവിതങ്ങള്‍ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്‌. കുണ്ടും കുഴിയും നിറഞ്ഞ  റോഡിലേക്ക് പാഞ്ഞു കയറിയിറങ്ങുന്ന വണ്ടികള്‍ പോലെ നമ്മുടെയൊക്കെ ജീവിതത്തിലേക്കും ധാരാളം വണ്ടികള്‍ കയറി ഇറങ്ങാറുണ്ട്‌. ആ വണ്ടികള്‍ക്ക് മനുഷ്യന്‍റെ ഗന്ധമാണുള്ളത്. പലതരം മനുഷ്യ വണ്ടികള്‍. ചില ആളുകള്‍ നമ്മുടെ ജീവിതങ്ങളിലൂടെ  കടന്നു പോകുന്നവര്‍, പൊതു വാഹനങ്ങള്‍ പോലെയാണ് . മറ്റു ചിലരാകട്ടെ  നമുക്ക് സ്വന്തം എന്ന് കരുതുന്നത്, പ്രൈവറ്റ് വാഹനങ്ങള്‍ പോലെയും . എന്നാല്‍ ഈ "പ്രൈവറ്റ് മനുഷ്യര്‍" നമ്മുടെ സ്വന്തം എന്ന് അഹങ്കരിക്കുമ്പോള്‍ പോലും ജീവിതത്തില്‍ നമ്മള്‍ ഏകാന്തരായി  കഴിയാന്‍  പഠിച്ചിരിക്കണം . ചില ജോലി പരസ്യങ്ങളില്‍ ഒക്കെ കാണുന്ന പോലെ 'മിനിമം യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി ' എന്ന് പറയുന്നത് പോലെ ജീവിക്കാന്‍ വേണ്ട മിനിമം യോഗ്യത : ' ജീവിതത്തിലെ ഏതെങ്കിലും വിഷമഘട്ടങ്ങളെ തരണം ചെയ്യാനുള്ള മനക്കട്ടി ' എന്ന് പറയാം. ആരും എതിര്‍ക്കില്ല എന്ന് തന്നെ ഉറപ്പിക്കാം. ഇനി അഥവാ എതിര്‍ത്താലും എതിര്‍ക്കാത്തവരുണ്ടല്ലോ എന്ന് സമാധാനിക്കാം. നിഷ്പക്ഷരെയും ആശ്രയിക്കാം. എന്തായാലും 700 കോടി തികച്ച ലോകത്ത് കുറച്ചു ആളുകളുടെയെങ്കിലും  "സപ്പോര്‍ട്ട്" കിട്ടാതിരിക്കില്ലല്ലോ. 

സഖാക്കള്‍ക്ക് ലാല്‍സലാമും  ഖദര്‍ ഇട്ടവര്‍ക്കു ഒരു കൈകൂപ്പലും , കേരളത്തില്‍ വിരിയാത്ത താമരക്ക്‌ മുന്നില്‍ രക്ഷ ബന്ധിപ്പിച്ചും ഒപ്പം മുക്കിലും മൂലയിലും കിടന്നു "ജനങ്ങള്‍ക്ക്‌ വേണ്ടി കഷ്ടപെടുന്ന" മറ്റു എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നല്ലത് മാത്രം വരുത്തണേ.. എന്ന് പ്രാര്‍ത്ഥിച്ചു  കൊണ്ടും  ഈ നിഴല്‍ നാടകം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയും എന്നാ വിശ്വാസത്തോടെയും ഈ മഷിത്തണ്ട് ഞാന്‍ ഉണക്കാന്‍ ഇടുകയാണ്, എന്നന്നേക്കുമായി അല്ല... വളരെ കുറച്ചു നേരത്തേക്ക്. ഉണങ്ങിയ മഷിത്തണ്ടില്‍ പുതിയ മഷിത്തുള്ളികള്‍ കിടന്നു പിടക്കുന്നത്‌ കാണാനുള്ള കാത്തിരിപ്പോടെ . 

അടികുറിപ്പ് : ഈയുള്ളവള്‍ ഉദ്ദേശിച്ച "നിഴല്‍ നാടകം" ജീവിതത്തിലേക്ക് ഉള്‍വലിഞ്ഞു പോകുന്നതിനെ കുറിച്ചാണ്...

No comments:

Post a Comment