Friday, 18 November 2011

ഊന്നുവടി

ആ  യാത്രയില്‍  തനിച്ചല്ലായിരുന്നു . ചുറ്റും  കലപില കൂട്ടുന്ന  മനുഷ്യകോലങ്ങള്‍.. പലപ്പോഴായി തോന്നിയ പൊരുത്തക്കേടുകളെ കണ്ടില്ലെന്നും  കേട്ടില്ലെന്നും  നടിച്ചു. ആ നടനത്തിലൂടെ ആ ലോകം അവരുടേത് മാത്രമായി. കയ്യിലെ ഊന്നുവടിയെ ഒന്നുകൂടെ  മുറുകെ പിടിച്ചു. അത് അവരുടെ ആത്മവിശ്വാസം കൂട്ടി. ആരുടേയും സഹായം തനിക്കു വേണ്ടെന്ന കളങ്കമില്ലാത്ത അഹങ്കാരം. 
ഈ യാത്ര പുറപ്പെട്ട നിമിഷം മുതല്‍ മനസ്സിലൂടെ കടന്നു പോയത് ഒരു ജീവിതം തന്നെയാണ്. നര കയ്യേറ്റം  ചെയ്ത   മുടിയിഴകള്‍ക്കും ജീവിതത്തിന്റെ അവസാന ഘട്ടമാണെന്നു കളിയാക്കുന്ന ശരീരത്തിലെ ചുളിവുകള്‍ക്കും ഉണ്ട് കഥകള്‍ പറയാന്‍. ആ ജീവിതത്തിന്റെ കഥ. കടങ്കഥ പോലെ തോന്നിക്കുന്ന ഒരു ചെറിയ ജീവിതത്തിന്റെ വലിയ കഥ. 
ഇടയ്ക്കു കയറി വന്നിരുന്ന ട്രെയിനിന്റെ ചൂളം വിളിയില്‍ പലപ്പോഴായി അലിഞ്ഞു പോയത് ജീവിതത്തിന്റെ നിര്‍ണായക ഘട്ടങ്ങളെ അനുസ്മരിക്കുന്ന നിമിഷങ്ങളായിരുന്നു.  വീണ്ടും ഓര്‍ത്തെടുക്കാന്‍ മനസ്സ് അനുവദിച്ചില്ല. മനസ്സിന്റെ മടുപ്പ് അവിടെയും വിജയിക്കുകയായിരുന്നു. ആര്‍ക്കോ വേണ്ടി ജീവിക്കനാണോ ഇനിയും ജീവിതം ബാക്കി വച്ചിരിക്കുന്നത്. 
ഒരു നിലവിളിയില്‍ ഒതുക്കാമായിരുന്നത്  മൌനത്തിലേക്ക്‌ നീങ്ങിയപ്പോ ഈ ലോകത്തോട്‌ തന്നെ വെറുപ്പ്‌ തോന്നിയ നിമിഷങ്ങള്‍ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ട്. അത് ഒരു പരിധി  വരെ തന്റെ മനസ്സിന്റെ സമനിലയെ താളം തെറ്റിച്ചിരുന്നു. കരഞ്ഞു തീര്‍ക്കേണ്ടത് കരഞ്ഞു തന്നെ തീര്‍ക്കണം എന്ന പാഠം ഉള്‍ക്കൊള്ളാന്‍ അത് ഇപ്പോള്‍ സഹായിച്ചു. മൌനത്തെ  കാലത്തിന്‍റെ വിളക്കിലെ തിരി മാത്രമായി  മാറ്റേണ്ടത് ആയിരുന്നു.   എരിഞ്ഞു  തീര്‍ക്കേണ്ട തിരി.   ആ നിമിഷങ്ങള്‍ ഈ യാത്രയിലെ ഓര്‍മകളില്‍ നിറയുമ്പോള്‍ തന്നോട് തന്നെ ഒരു പുച്ഛം ആണ് തോന്നുന്നത്. 
ഒരിക്കലും മറക്കാനാവാത്ത സുന്ദര നിമിഷങ്ങള്‍ സമ്മാനിച്ചവരുടെ മുഖങ്ങള്‍ മനസ്സിലൂടെ കടന്നു പോയപ്പോള്‍ തന്റെ ചുണ്ടില്‍ മൊട്ടിട്ട പുഞ്ചിരിയെ മറ്റാരെങ്കിലും കണ്ടോ എന്ന് നോക്കിയപ്പോളാണ് കാണുന്നത് ചുറ്റിലുമുള്ള മനുഷ്യ കോലങ്ങള്‍ നിരനിരയായി നടന്നകലുന്നത്. ആ തിരിച്ചറിവില്‍ തന്റെ യാത്ര ഇവിടെ അവസാനിക്കുകയാണെന്ന്  അറിയുന്നു. 

 ട്രെയിന്‍ ഇറങ്ങി നടക്കുമ്പോള്‍ ആ ഊന്നു വടിയോടു അവര്‍ സംസാരിക്കുകയായിരുന്നു. എന്തായിരുന്നു അവര്‍ സംസാരിച്ചത് !!! അറിയില്ല... പക്ഷെ  , കഴിഞ്ഞ കാല ജീവിതത്തിന്‍റെ ഏടുകള്‍ മറിച്ചു നോക്കാനുള്ള ഉത്സാഹം ആ മുഖത്ത് കാണുന്നുണ്ടായിരുന്നു. ലോകത്തെ അറിയാന്‍ വെമ്പുന്ന ഒരു കൊച്ചു കുട്ടിയുടെ മുഖത്തെ അതേ ഉത്സാഹം!!!
  

No comments:

Post a Comment