Saturday, 5 November 2011

കണ്ണൂക്ക്


കണ്ണൂക്ക് എന്നാല്‍ വീട്ടില്‍ ആരെങ്കിലും മരിച്ചാല്‍ ബന്ധുക്കള്‍  കൊണ്ട് തരുന്ന പലഹാരങ്ങള്‍ എന്നാണ് എന്‍റെ വിശ്വാസം. പലഹാരങ്ങള്‍ മാത്രമല്ല ഒരു വീട്ടിലേക്കു വേണ്ട പലചരക്ക് സാധനങ്ങള്‍ വരെ കൊണ്ടു വരും 'വിരുന്നുകാര്‍' .കൂട്ടത്തില്‍ വെറ്റിലയും അടക്കയും വരെയുണ്ടാകും.ചുരുക്കി പറഞ്ഞാല്‍  സംഗതി കൊള്ളാം !!!  എന്നാല്‍ കണ്ണൂക്ക് എന്ന വാക്കിന്‍റെ ഉത്ഭവം എങ്ങനെ  എന്ന് തലപുകഞ്ഞു  ആലോചിക്കാന്‍ തുടങ്ങിയിട്ട്  കുറച്ചു കാലമായി. കൃത്യമായ ഒരുത്തരം തരാന്‍  ആര്‍ക്കും കഴിഞ്ഞിട്ടില്ല. 
വീട്ടില്‍ അച്ഛന്റെ അമ്മായി മരിച്ചപ്പോഴും, വല്യമ്മാമ മരിച്ചപ്പോഴും "കണ്ണൂക്ക്" കൊണ്ട് വരുന്നത് ഞാന്‍ കൌതുകത്തോടെ നോക്കി നിന്നിട്ടുണ്ട് . അത് ചെറുപ്പത്തില്‍... അന്നൊന്നും അതിനെ കുറച്ചു ''ആധികാരികമായി" മനസിലാക്കാനോ ഒരു വ്യക്തമായ ഉത്തരം  തേടാനോ ഉള്ള ശ്രമം  ഞാന്‍ നടത്തിയിട്ടുമില്ല  എന്നത് വസ്തുത. എന്നാല്‍ ഇപ്പോള്‍ അമ്മമ്മ മരിച്ചു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 'പുല ' കുളിച്ചിരിക്കുന്ന മക്കള്‍ക്കും പേരകുട്ടികള്‍ക്കും ബന്ധുക്കള്‍ കൊണ്ട് വരുന്ന "കണ്ണൂക്ക് പലഹാരങ്ങള്‍ക്ക്" പിന്നിലെ ഒളിച്ചു കളിയറിയാന്‍ ഒരു ആഗ്രഹം. സംശയ ദൂരികരണത്തിന് ആദ്യം സമീപിച്ചത് സ്വാഭാവികമായും അമ്മയെ തന്നെ. ആരോ കൊണ്ടു വന്ന പലഹാരകെട്ടു പൊട്ടിക്കുന്നതിനിടയില്‍ ചോദ്യം  ഞാന്‍ എറിഞ്ഞു  കൊടുത്തു "എന്താ ഈ കണ്ണൂക്ക് എന്ന് വെച്ചാല്‍ ?" ഇത് കേട്ട് കൊണ്ട് വന്ന വല്യച്ചന്‍ വളരെ സ്വാഭാവികതയോടെ പറഞ്ഞു "പലഹാരങ്ങള്‍ കൊണ്ടുവെരല്‍ " ഇത് കേട്ട് എല്ലാരും ചിരിച്ചു, ഞാനും ചിരിയില്‍ പങ്കാളിയായി. പക്ഷെ വ്യക്തമായ ഒരു ഉത്തരം കിട്ടാത്തതിന്റെ സങ്കടം ആ ചിരിയില്‍ ഒളിഞ്ഞു കിടന്നിരുന്നു. എന്തെങ്കിലും കാര്യത്തില്‍ സംശയം വന്നാല്‍  ആ വിഷയത്തില്‍ ഹോള്‍ ബോഡി ചെക്ക്‌ അപ്പ്‌ നടത്താതെ ഒരു സമാധാനം കിട്ടാറില്ല. 
ഇതിനെ കുറിച്ച് കൂടുതല്‍ പറഞ്ഞു തരാന്‍ കഴിയുക പ്രായമായവര്‍ക്കാകും. അത്തരത്തില്‍ പറഞ്ഞു തരാന്‍ മാത്രം അടുപ്പമുള്ള  പ്രായമായവരെ കണ്ടു കിട്ടണ്ടേ, ഒന്ന് ചോദിക്കാമെന്ന്  വിചാരിച്ചാല്‍. അങ്ങനെ ഓരോ കൂട്ട്  പലഹാരങ്ങള്‍ എത്തുമ്പോഴും അതിലെ ഇഷ്ട വിഭവങ്ങളെ തിരഞ്ഞെടുത്തു സ്വാദോടെ ഭക്ഷിക്കുമ്പോഴും കണ്ണൂക്ക് എന്ന് വാക്ക് എങ്ങനെ  ഉണ്ടായെന്നു ആ പലഹാരങ്ങളെ നോക്കിയും അറിയാതെ ചോദിച്ചു  പോവും.   
അപ്പോഴാണ് ഒരു ഐഡിയ തോന്നിയത്. നോര്‍ത്ത് ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകരെല്ലാം ഐശ്വര്യ റായിയുടെ "പ്രസവം നടത്താന്‍ ഓടുമ്പോള്‍" കുട്ടിയുടെ അച്ഛന്‍ പറഞ്ഞു നടക്കുന്നത് പോലെ "what an idea sirji!!! എന്ന് ഞാനും പറഞ്ഞു. .പെറ്റ തള്ളയെ ഒഴികെ ബാക്കിയെല്ലാത്തിന്റെയും ഡ്യൂപ്ലിക്കേറ്റ്‌ കുന്നംകുളത്തും കിട്ടും എന്ന്കേട്ടിട്ടുണ്ട്. അത് പോലെ മേലനങ്ങാ കള്ളികള്‍ക്കും കള്ളന്മാര്‍ക്കും ആശ്രയിക്കാവുന്ന ഇന്റര്‍നെറ്റിനെതന്നെ ആശ്രയിക്കാനുള്ള  ഐഡിയ തന്നയാണ് എന്‍റെ തലയിലും വാണം വിട്ട പോലെ പാഞ്ഞത് . ഈ തലയില്‍ അത്രയ്ക്കുള്ള ഐഡിയ മാത്രേ കിട്ടൂ. അതിന്റെ അഹങ്കാരം ഒന്നുമില്ലാട്ടോ!!!പക്ഷെ ഇന്റര്‍നെറ്റും എന്നെ ചതിച്ചു. ചതിയന്‍ ചന്തു എന്ന് മനസ്സ് കൊണ്ടു വിളിച്ചു. കണ്ണൂക്കിന്റെ "ഐതിഹ്യം" ഇന്റര്‍നെറ്റ്‌ തന്നാല്‍ 'മോനെ മനസ്സില്‍ ലഡ്ഡു പൊട്ടി' എന്നുറക്കെ കിച്ചുവിന്റെ മുഖത്ത്  നോക്കി പറയണം എന്ന് വിചാരിച്ചതായിരുന്നു." ശോ!!! എന്ത് ചെയ്യാം പ്രതീക്ഷകള്‍ അസ്തമയ സൂര്യനായി മാറുകയായിരുന്നു അവിടെ . പക്ഷെ വീണ്ടും ഉദിക്കാന്‍ സൂര്യന്റെ ജന്മം ഇനിയും ബാക്കിയാണല്ലോ. 

പിന്നെ നേരെ വിട്ടു ഫേസ്ബുക്കിലോട്ട് . തല്ക്കാലം കണ്ണൂക്കിനെ പാതി വഴിയില്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. 
 പക്ഷെ കണ്ണൂക്ക് എന്ന് വാക്കിന്‍റെ അര്‍ഥം  തേടിയുള്ള യാത്ര തുടരുകയാണ്. ഒരിക്കല്‍ എനിക്ക് തൃപ്തികരമായ ഉത്തരം കിട്ടും എന്ന വിശ്വാസത്തില്‍. അന്ന് ഞാന്‍ വീണ്ടും ബ്ലോഗിക്കും-" കണ്ണൂക്ക് എന്ന പേരിനുമുണ്ട് ഒരു കഥ പറയാന്‍" എന്ന് തലകെട്ടില്‍...

No comments:

Post a Comment