Friday, 4 November 2011

മൊബൈല്‍ മാനിയ

ഹോസ്റ്റലിലെ  വരാന്തയിലൂടെ  ഞാന്‍ അലഞ്ഞു നടന്നു, ഒരു  ഒഴിഞ്ഞ  ഇടം തേടി. കയ്യില്‍ കിടന്നു വാവിട്ടു കരയുന്ന മൊബൈയില്‍  നോക്കി അക്ഷമയായി ഞാന്‍ ഓടി നടന്നു. എവ്ടെയും ഒരു ഒഴിഞ്ഞ ഇടം കാണാന്‍ ഇല്ല. സ്വസ്ഥമായി സല്ലപിക്കാന്‍ ഈ ലോകത്ത് സ്ഥലമില്ലെന്നു പറഞ്ഞാല്‍  ആരെങ്കിലും വിശ്വസിക്കുമോ ? സ്വന്തം റൂമിലിരിക്കാം എന്ന് വിചാരിച്ചാല്‍  അവടെ ഒരുത്തി  നേരത്തെ സ്ഥാനം പിടിച്ചിരിക്കുന്നു, മൊബൈയിലില്‍ സൊള്ളി കൊണ്ട്. അത് കൊണ്ട് അവടെ നിന്നിറങ്ങി വരാന്തയിലേക്ക്‌  നോക്കിയപ്പോ പത്തു പതിനാറു പെണ്‍കിടാങ്ങള്‍ തലങ്ങും വിലങ്ങും ചെവിയില്‍ ഇതേ കുന്ത്രാണ്ടം വച്ച് നടന്നു കളിക്കുന്നു. ഇനിയിപ്പോ ഞാന്‍ എവടെ പോവും? ഞാന്‍ നടന്നു , ഞങ്ങള്‍ടെ ഫ്ലോറിനു  മുകളിലേക്ക്   കയറി പോവാനുള്ള വഴിയില്‍ ഒരിടം കാണുമെന്ന വിശ്വാസത്തില്‍ .. അപ്പൊ ദേ.. കാണുന്നു അവടെ 3 പേര്‍ . എന്‍റെ ഫോണിന്‍റെ കരച്ചില്‍ നിര്‍ത്താന്‍ രണ്ടും കല്‍പ്പിച്ചു ഞാന്‍ കോള്‍ എടുത്തു. മറ്റേ തലക്കലെ ശബ്ദം   കേട്ടപ്പോള്‍ സങ്കടം  ആണ് തോന്നിയത്. കാരണം ഏറെ നേരത്തെ കാത്തിരിപ്പിനൊടുവില്‍ ആറ്റു നോറ്റു വിളിച്ചതാണ്. അപ്പൊ സ്വസ്ഥമായി സംസാരിക്കാന്‍ ഒരു സ്ഥലമില്ല എന്ന് പറയാന്‍ പറ്റോ!!! തല്ക്കാലം ഉള്ളത് കൊണ്ട് ഓണം പോലെ എന്ന് പറഞ്ഞ മഹാനു സ്തുതി പറഞ്ഞു ഞാനും നടക്കാന്‍ തുടങ്ങി വരാന്തയിലൂടെ  തലങ്ങും വിലങ്ങും, പതിനേഴാമത്തെ പെണ്‍കിടവായി ...

1 comment: